Skip to content

പ്രൈമറി വിദ്യാഭ്യാസ മേഖല പുതുക്കേണ്ടതിനെക്കുറിച്ച്

rhithu-ssweet-primary-education

by C. Radhakrishnan

പ്രാഥമിക വിദ്യാഭ്യാസരംഗം പുതുക്കിപ്പണിയേണ്ടതിനെക്കുറിച്ചുള്ള ചില കാഴ്ചപ്പാടുകള്‍:

കുട്ടികളോടൊപ്പം നിന്ന് ലോകത്തെ വീക്ഷിക്കേണ്ടതുണ്ട്, പ്രത്യേകിച്ചും വിദ്യാഭ്യാസമേഖലയെ വിലയിരുത്തേണ്ടതുണ്ട് എന്ന തോന്നലോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്.

കുട്ടികളുടെ കഴിവുകളും താല്പര്യങ്ങളും നന്നേ ചെറുപ്പത്തിൽ തന്നെ കണ്ടെത്തി മതിയായ പ്രോത്സാഹനം നൽകുക. അതിനായി കളികൾക്കും പ്രായോഗിക പ്രവര്‍ത്തനാനുഭവങ്ങള്‍ക്കും പ്രകടമായ മുന്‍തൂക്കം നല്‍കുക എന്ന നിലയിലേക്ക് പ്രാഥമികവിദ്യാഭ്യാസമേഖല മാറേണ്ടതുണ്ട്.

കുട്ടികൾ ഒതുങ്ങി ഇരിക്കാൻ ഇഷ്ടപ്പെടുന്നവരല്ല. അവർക്കെന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം, എന്തിലെങ്കിലും ഇടപെട്ടുകൊണ്ടേയിരിക്കണം. അവർക്ക് കയ്യിൽ കിട്ടുന്നതെല്ലാം ഉപകരണങ്ങളും ഉപാധികളുമാണ്. കുട്ടികള്‍ എന്തിലെങ്കിലും മുഴുകുമ്പോള്‍ അവർക്ക് ഉപയോഗപ്പെടുന്നത് കൈവിരലുകളാണ്, കൈകാലുകളാണ്, അവയവങ്ങളാണ്. കണ്ണിനേയും മൂക്കിനെയും നാക്കിനേയുമാണ്. ചെവിയുംതൊലിയുമെല്ലാം ആ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുന്നുണ്ട്. ആ പ്രവർത്തനങ്ങളെ സൂക്ഷ്മപ്പെടുത്താന്‍, കൃത്ത്യപ്പെടുത്താന്‍, മെച്ചപ്പെടുത്താൻ, ലക്ഷ്യത്തിലെത്തിക്കാൻ മനസ്സും ഒപ്പം ഉണ്ട്. അവയവങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഒരുപോലെ ഒത്തുചേരുമ്പോളാണ് സജീവമായ ഒരു പ്രവർത്തനം നടക്കുന്നത്. അത് കളിയായാലും അങ്ങനെ തന്നെ.

കുട്ടികളുടെ കാര്യത്തിൽ മാത്രമല്ല മുതിർന്നവരുടെകാര്യവും ഇങ്ങനെത്തന്നെയാണല്ലോ. കൃഷിത്തൊഴിലാളിയോ, കൈ വേലക്കാരനോ, ഫാക്ടറി തൊഴിലാളിയോ, അധ്യാപകനോ, എൻജിനീയറോ, ജീവനക്കാരനോ, ഡോക്ടറോ, പൈലറ്റോ, പാചകക്കാരനോ ആരുമാകട്ടെ അവരെല്ലാം പ്രവർത്തിക്കുന്നത് ശരീരവും മനസ്സും സംയോജിപ്പിച്ചുകൊണ്ടാണ്.

അവയവങ്ങളെ ഇന്ദ്രിയങ്ങളെ മനസ്സിനെ മിടുക്കോടെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മാനവകുലം മുന്നേറുന്നത്. നമ്മുടെ കുട്ടികള്‍ മനുഷ്യരാശി ഇതുവരെ നേടിയ നന്മകളിൽ ആവശ്യമായവയെ നിലനിര്‍ത്തേണ്ടവരും പുതുമകൾ സൃഷ്ടിച്ച് മുന്നേറേണ്ടവരുമാണ്. അതിനവരെ പ്രാപ്തരാക്കേണ്ട ഇടപെടൽ ശേഷിയും പ്രയോഗക്ഷമതയും കുട്ടിക്കാലംതൊട്ടേ അവർക്ക് ലഭ്യമാക്കണം.

മേല്‍ പറഞ്ഞതുപോലെ അവർക്കവസരം കിട്ടുമ്പോൾ നാനാതരം ഉപകരണങ്ങളും പണിയായുധങ്ങളും അവർക്ക് കൈകാര്യം ചെയ്യാൻ കഴിയും. അവയെല്ലാം പ്രയോഗിക്കാനുള്ള അസംസ്കൃതപദാർഥങ്ങളുമായും ഊര്‍ജ്ജസ്രോതസ്സുകളുമായും അവർ നല്ല നിലയിൽ ഇടപെടും. ഈ ഇടപെടലുകളും പ്രവർത്തനങ്ങളും ഫലപ്രദമാക്കാൻ കുട്ടികൾ ജീവിക്കുന്ന വീടും നാടുമടങ്ങുന്ന സമീപ പരിസരം തന്നെയാണ് പ്രധാനമായും തുണയാകുക. അതായത് പ്രാഥമിക വിദ്യാഭ്യാസ മേഖലയെ പ്രാദേശിക പ്രധാനമായിക്കൂടിയാണ് വിവക്ഷിക്കേണ്ടത്.

ഒരു കുട്ടിക്ക് ഒരു കാര്യത്തിന് കഴിയും അല്ലെങ്കില്‍ കഴിയില്ല, ഒന്നിൽ താല്പര്യം ഉണ്ട് അല്ലെങ്കിൽ താൽപര്യമില്ല എന്ന് എങ്ങനെയാണ് തിരിച്ചറിയുക? പറ്റാവുന്നത്ര കാര്യങ്ങളിൽ ഇടപെടാനും മുഴുകാനും അവസരം കിട്ടുമ്പോളാണ് കഴിവും കഴിവു കുറവും താല്‍പ്പര്യവും താല്‍പ്പര്യമില്ലായ്മയും ബോധ്യമാകുക.

വിദ്യാഭ്യാസം അവനവന്റെ കഴിവും താല്പര്യവും സാധ്യതയും സ്വയം ബോധ്യപ്പെടാനുള്ളതുകൂടിയാകണമല്ലോ. അവരവരുടെ കഴിവും താല്പര്യവും സാധ്യതയും തിരിച്ചറിഞ്ഞ് മുന്നേറുമ്പോൾ കുട്ടികൾക്ക് സ്വയം മതിപ്പുണ്ടാകും തൃപ്തിയുണ്ടാകും. അവർ തന്റേടികളാകും, അഭിമാനികളും. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കെല്പ് അവർ സ്വയം ആര്‍ജ്ജിക്കും. സ്വന്തം ലക്ഷ്യങ്ങൾ നിർണയിക്കാനും അതിലേക്ക് വിജയകരമായി മുന്നേറാനും അവര്‍ പ്രാപ്തരാകും. സ്വന്തം കഴിവുകളിൽ അഭിമാനിക്കുമ്പോള്‍ തന്നെ തനിക്ക് കഴിയാത്തത് മറ്റുള്ളവർക്ക് കഴിയുമ്പോൾ അവരെ അംഗീകരിക്കാനും ഉള്ള മനസ്സ് കുട്ടിക്കാലം തൊട്ടേ വളരണം. മത്സരത്തിനല്ല സഹകരണത്തിനാവണം മുൻതൂക്കം.

ഏറ്റെടുക്കുന്ന മുഴുവൻ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ തന്നെയാണെന്ന് ഉറപ്പുവരുത്താനും എളുപ്പമാക്കാനുമെല്ലാം അവർക്ക് പുറത്തുനിന്ന് അറിവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കിട്ടേണ്ടതുണ്ടാകും. അദ്ധ്യാപകരില്‍ നിന്നും, വിദഗ്ധരിൽ നിന്നും, രക്ഷിതാക്കളിൽ നിന്നും, സഹപാഠികളിൽ നിന്നും അത് കിട്ടണം. അതിന് പുസ്തകങ്ങളും, ലൈബ്രറികളും, ഇന്റർനെറ്റും എല്ലാം പ്രയോജനപ്പെടണം, എഴുത്തും, വായനയും, രേഖപ്പെടുത്തിവെക്കാനുള്ള കഴിവുമെല്ലാം അതിനൊപ്പമുണ്ടാകണം. ശാസ്ത്ര-ഭാഷാ-ഗണിത-ചരിത്ര വിഷയങ്ങളുടെ സഹായം പ്രായോഗികപ്രവര്‍ത്തനങ്ങളുടെ വിജയത്തിനുതകണം.

കുട്ടിപ്രായത്തിൽ പ്രായോഗിക പ്രവർത്തനങ്ങൾക്ക് മുൻതൂക്കം കിട്ടണം. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയാണ് ഇഷ്ടപ്പെട്ടതിൽ മുഴുകുകയാണ് എന്നാണ് കുട്ടിക്ക് തോന്നേണ്ടത്. മുഷിഞ്ഞും, മെനക്കെട്ടും, ആർക്കോവേണ്ടി പഠിക്കുകയാണ് എന്ന തോന്നലല്ല ഉണ്ടാകേണ്ടത്. കുട്ടികൾക്ക് ന്യായമായും അർഹതപ്പെട്ടത് അവർക്ക് തിരിച്ചു നൽകുന്നു എന്ന രീതിയിൽ ഇതിനെ വിലയിരുത്തണം.

വിദ്യാഭ്യാസ കാലത്തിന്റെ പ്രാഥമിക ഘട്ടം ഇങ്ങനെ ഉണർവ്വുള്ളതും ഫലപ്രദവുമാക്കാനായാല്‍ തുടർന്നുള്ള ഘട്ടങ്ങളും അതിനനുസരിച്ച് പുതുക്കി മുന്നേറാം. കാതലായ ഗൗരവമുള്ള മാറ്റങ്ങൾ പ്രാഥമികഘട്ടം മുതൽ തുടങ്ങുന്നതാകും നല്ലത്.

കൂടുതൽ ചർച്ചകൾ നടത്തി അവധാനതയോടെ സ്വീകരിക്കേണ്ടതും തുടങ്ങേണ്ടതുമാണ് ഇതെന്നറിഞ്ഞുകൊണ്ട് ഈചിന്തകള്‍ പങ്കിടുകയാണ്. വായനക്കാരുടെ ചിന്തകള്‍കൂടി പങ്കുവെക്കുകയാണെങ്കില്‍ പ്രായോഗികമായ നിര്‍ദ്ദേശങ്ങളിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നമുക്കു നീങ്ങാന്‍ കഴിയും.

സി. രാധാകൃഷ്ണന്‍,

കാട്ടുകുളം, പാലക്കാട് ജില്ല

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു