Skip to content

കുട്ടികള്‍ ഇഷ്ടപ്പെടുന്നതും അവര്‍ക്ക് നഷ്ടപ്പെടുന്നതും

by C Radhakrishnan

“കുട്ടികള്‍ നാടിന്റെ വാഗ്ദാനങ്ങളാണ്, നാളത്തെ പൗരന്മാരാണ്, നാളത്തെ ലോകം ഇന്നത്തെ കുട്ടികളിലാണ്… “

നാമെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന പല്ലവികളാണല്ലോ ഇതെല്ലാം. അതിനനുസരിച്ച് വളരാന്‍ കുട്ടികള്‍ക്ക് അവസരം കൂടി കിട്ടണം. അവര്‍ക്ക് അവസരം കൊടുക്കണം. അവരവര്‍ക്ക് ഇഷ്ടപ്പെട്ടതും കഴിവുള്ളതുമായ മേഖലകളില്‍ വ്യാപരിക്കാന്‍ കഴിയുകയാണല്ലോ വേണ്ടത്.

മുതിര്‍ന്ന മനുഷ്യര്‍ ഏറിയും കുറഞ്ഞും ഏര്‍പ്പെടുന്ന നാനാമേഖലകളുണ്ട്. എണ്ണമറ്റ തൊഴിലുകളുണ്ട്. അവയില്‍ ഒന്നോ ചിലതോ തനിക്കുതകും എന്നു തിരിച്ചറിഞ്ഞ് അതില്‍/അവയില്‍ മുഴുകാനാകണം. എന്തെല്ലാം ചെയ്യാന്‍ കഴിയും എന്തിനെല്ലാം കഴിയില്ല എന്ന് തിരിച്ചറിയാനായാല്‍ അതു നല്‍കുന്ന ഉത്സാഹവും തന്റേടവും ഒന്നു വേറെത്തന്നെ യാണ്.

കഴിവും കഴിവുകുറവും താല്‍പര്യവും താല്‍പര്യക്കുറവും എങ്ങനെയാണ് തിരിച്ചറിയുക? സാധ്യമായത്ര കാര്യങ്ങളില്‍ ഇടപെട്ടു നോക്കിക്കൊണ്ടേ അതിനു കഴിയൂ. അതായത് പരമാവധികാര്യങ്ങളില്‍ ഇടപെടാന്‍ അവസരം കിട്ടണം, സ്വാതന്ത്ര്യം കിട്ടണം.

പത്താംതരമോ പന്ത്രണ്ടാംതരമോ പിന്നിടുന്ന കുട്ടിയുടെ ശരീരവും മനസ്സും ഏറെക്കുറെ ഉറച്ചിരിക്കും. സ്വന്തം കഴിവോ താല്‍പര്യമോ വേണ്ടവിധം തിരിച്ചറിയാതെ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്ന പ്രവണതയാണ് ഇന്ന് ഏറെക്കുറെ ഉള്ളത്. പലപ്പോഴും രക്ഷിതാക്കളുടെ മോഹങ്ങളാണ് മനസ്സില്ലാമനസ്സോടെ അവര്‍ക്ക് പിന്തുടരേണ്ടി വരുന്നത്. രക്ഷിതാക്കളാണെങ്കില്‍ മിക്കപ്പോഴും തിരിച്ചറിഞ്ഞതും അറിയാത്തതുമായ ഒട്ടനവധി സമ്മര്‍ദ്ദങ്ങളിലും പ്രലോഭനങ്ങളിലുമാകും. ഇങ്ങനെ വളരുന്ന കുട്ടികളില്‍ ഏറിയപങ്കും അവര്‍ക്ക് വലിയ താല്പര്യമില്ലാത്ത അവരുടെ യഥാര്‍ത്ഥകഴിവുകള്‍ പ്രയോഗിക്കാനിടമില്ലാത്തിടത്ത് ചെന്നുപെട്ട് മടുപ്പോടെ എന്തോ ചിലത് ചെയ്ത് ജീവിക്കേണ്ടിവരുന്നു. അവരുടെ പ്രവര്‍ത്തനംകൊണ്ട് അവര്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടത്ര പ്രയോജനം കിട്ടാതെ വരുന്നു. അവര്‍ വേണ്ടത്ര വിലമതിക്കപ്പെടാതെയും പോകുന്നു. സ്വന്തം കഴിവും താല്പര്യവും തിരിച്ചറിഞ്ഞ് വളരാനായാല്‍ ഇങ്ങനെ സംഭവിക്കില്ലല്ലോ.എന്നാല്‍ അത് എപ്പോള്‍ മുതലാണ് സാധ്യമാക്കേണ്ടത്? കുട്ടിക്കാലം തൊട്ട് എന്ന് പൊതുവേ പറയാം. സ്വന്തം കാലില്‍ നില്ക്കാനും നടക്കാനും തുടങ്ങുന്ന കാലം തൊട്ടേ പിശുക്കേതുമില്ലാതെ വേണ്ടത്ര അവസരം കുട്ടിക്ക് കിട്ടിത്തുടങ്ങണം.

കുട്ടിക്കാലം – അത് പ്രസരിപ്പിന്റെ കാലമാണ്. എന്തും ചെയ്തു നോക്കാന്‍ സന്നദ്ധമാകുന്ന കാലം. ഒരതിര്‍ത്തിവരെ സാഹസികപ്രവര്‍ത്തനങ്ങള്‍ക്കും ഒരുക്കമുള്ള കാലം. അപ്പോള്‍മുതല്‍ അവര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ കിട്ടണം. പ്രോത്സാഹനം കിട്ടണം. സ്വയം വിലയിരുത്താനവസരം കിട്ടണം. അപ്പോള്‍ മുതല്‍ അവരെ മുതിര്‍ന്നവര്‍ വേണ്ടത്ര വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് അവര്‍ക്ക് ബോധ്യം കിട്ടിത്തുടങ്ങണം.

കുട്ടികള്‍ കളിക്കുമ്പോളും ചുറ്റുപാടുമായി ഇടപെടുമ്പോളും പ്രവര്‍ത്തിക്കുമ്പോളും പലതരം സാമഗ്രികളുമായി ഇടപഴകുന്നു. അതില്‍ ഉപകരണങ്ങളും പണിയായുധങ്ങളുമുണ്ടാകും. നാനാതരം വസ്തുക്കള്‍ – പലതരം അസംസ്കൃത വസ്തുക്കള്‍ ഇവയൊക്കെ ഉണ്ടാകും. വെള്ളം, വെളിച്ചം, തീ, കാറ്റ് , വൈദ്യുതി തുടങ്ങിയ ഊര്‍ജ്ജസ്രോതസ്സുകളുണ്ടാകും. ചെറുതും വലുതുമായ യന്ത്രസാമഗ്രികളും കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ അത്യാധുനിക ഉപഭോഗസാമഗ്രികളുമുണ്ടാകും. പലതും സൂക്ഷ്മതയോടെ, അതീവശ്രദ്ധയോടെ ചെയ്യേണ്ടവയാകും.

കളിക്കുമ്പോഴും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും കുട്ടി ചെയ്യുന്നത് സ്വന്തം കഴിവുകള്‍ കൃത്യപ്പെടുത്തുകയാണ്, വികസിപ്പിക്കുകയാണ്. പഞ്ചേന്ദ്രിയങ്ങളും കൈകാലുകളും വിരലുകളുമടക്കമുള്ള അവയവങ്ങളും മനസ്സും പടിപടിയായും മെച്ചപ്പെട്ട രീതിയിലും ഉപയോഗപ്പെടുത്തുകയാണ്, പ്രയോഗിക്കുകയാണ്.

സ്വന്തം ശരീരം(മനസ്സടക്കം) സാധ്യതക്കനുസരിച്ച് ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ പ്രയോഗിക്കാറാവല്‍- അത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെയാവണം.

പത്താംതരമോ പന്ത്രണ്ടാംതരമോ കഴിയുന്ന കുട്ടിക്ക് അതുവരെയുള്ള വിജയകരമായ ജീവിതാനുഭവങ്ങളില്‍നിന്ന് – പഠനങ്ങളില്‍നിന്ന് തുടര്‍ന്ന് താന്‍ മുന്നേറേണ്ടത് ഏതു ദിശയിലേക്കാണ് എന്നു സ്വയം തീരുമാനിക്കാറാകണം.

ഇത്തരം അനുഭവങ്ങള്‍ കുട്ടികള്‍ക്ക് കിട്ടണമെങ്കില്‍ അതിനനുസരിച്ചുള്ള ഭൗതികസാഹചര്യങ്ങളും അന്തരീക്ഷവും വിദ്യാലയങ്ങളുടെ ഭാഗമാവണം. ചുരുക്കിപ്പറഞ്ഞാല്‍, പാഠ്യപദ്ധതി ഇപ്പറഞ്ഞതെല്ലാം ഉള്‍ക്കൊള്ളുന്നതായിരിക്കണം. വിദ്യാലയത്തിലെ നാലു ചുമരുകളും മതില്‍കെട്ടും കടന്ന് വിദ്യാഭ്യാസ അവസരങ്ങള്‍ സമൂഹത്തിലാകെ നിറഞ്ഞുനില്‍ക്കണം.

മാനവകുലം നാളിതുവരെ നേടിയ അറിവുകള്‍ കുട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്, ഇടപെടലുകള്‍ക്ക് പിന്തുണയായും പ്രചോദനമായും ഭവിക്കണം. വേണ്ടത്ര പ്രയോഗാവസരങ്ങള്‍ കിട്ടാതെ അറിവുകള്‍ വിരസമായി സ്വീകരിച്ചുകൊണ്ട് യവ്വനാരംഭത്തില്‍ അന്തംവിട്ടു നില്‍ക്കുന്നതിനു പകരം അറിഞ്ഞും ലയിച്ചും പ്രയോഗിക്കുന്നതോടൊപ്പം അറിവുനേടുകയാണെങ്കില്‍ അതാകുമല്ലൊ മെച്ചം. പ്രയോഗാനുഭവങ്ങളില്‍നിന്ന് അറിവു കിട്ടുക, കിട്ടിയ അറിവുകൊണ്ട് മെച്ചപ്പെട്ട പ്രയോഗത്തിലേക്കും പുത്തനനുഭവങ്ങളിലേക്കും കൂടുതല്‍ മെച്ചപ്പെട്ട അറിവിലേക്കും- അങ്ങനെയാവട്ടെ, വിദ്യാഭ്യാസകാലം. മാനവചരിത്രം തരുന്ന പാഠവും അതാണല്ലോ.

അങ്ങനെയായാല്‍ കുട്ടി ഇഷ്ടപ്പെടുന്ന അവസരങ്ങള്‍(കളിയും പ്രയോഗവും) കുട്ടിക്കു നഷ്ടപ്പെടാതിരിക്കും. ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുന്നില്ല എന്നു മത്രമല്ല, കുട്ടിക്ക് അര്‍ഹതപ്പെട്ടത് നഷ്ടപ്പെടുന്നില്ല എന്നും ഉറപ്പാക്കാന്‍ നമുക്ക്-മുതിര്‍ന്നവര്‍ക്ക് ബാധ്യതയുണ്ട്.

കുട്ടിയുടെ കുട്ടിത്തം വിട്ട് യൗവനത്തിലെത്തുമ്പോള്‍മാത്രം പൗരനാവുകയല്ല, കുട്ടിയാകുമ്പോള്‍തന്നെ പൗരനായി വളരുകയാണ് വേണ്ടത്. അങ്ങനെയാണ് കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ലോകം പ്രദാനം ചെയ്യാന്‍ നമുക്കാവുക.

നന്നേ ചെറുപ്രായംതൊട്ട് അവരവര്‍ക്ക് സാധ്യതയുള്ള മേഖലയില്‍ സാധ്യമായത്ര മുന്നേറാനാവണം- കളികളായാലും മറ്റു പ്രവര്‍ത്തനങ്ങളായാലും കൂട്ടുകൂടിക്കൊണ്ടാണ് നമുക്കു സാധ്യമാകുക. അതിനിടയില്‍ മറ്റുള്ളവരെ സഹായിക്കലും മറ്റുള്ളവരില്‍നിന്ന് സഹായം തേടലും ‍ ആണ് നടക്കുക. സഹകരണത്തിനാവണം മുന്‍തൂക്കം, മത്സരത്തിനാവരുത്. ഓരോ കുട്ടിയും ആ കുട്ടിയുടെ പരമാവധിയിലെത്തുക,എന്നതാവണം ലക്ഷ്യം. ആരും ആരെയും മറി കടക്കേണ്ട കാര്യമില്ല.

ചെറുപ്രായത്തില്‍ കുട്ടിക്ക് താന്‍ ഇഷ്ടപ്പെട്ട കളികള്‍-കാര്യങ്ങള്‍ ചെയ്യുന്നു എന്നാണ് തോന്നേണ്ടത്. അതിനു പകരം മറ്റാര്‍ക്കോ വേണ്ടി പഠിക്കുകയാണ് എന്നായാല്‍ മുഷിയും, മടുക്കും , വെറുക്കും. ഇന്നു മിക്ക കുട്ടിയിലും കാണുന്നത് അതാണ്. കളികളിലും ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളിലും പഠനാംശങ്ങള്‍ തരം പോലെ ചേര്‍ത്തുവെക്കാവുന്നതേയുള്ളൂ കുട്ടി മുതിര്‍ന്നുവരുമ്പോള്‍ ആവശ്യബോധം വരുന്നതനുസരിച്ച് പഠിക്കുകയാണ് എന്ന തോന്നല്‍ ഉള്‍ക്കൊണ്ടു തുടങ്ങിയേക്കും.

കളിയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രയോഗങ്ങള്‍ക്ക് മുഖ്യാവസരം കൊടുത്തുകൊണ്ടുള്ള ഒരു വിദ്യാഭ്യാസരീതി അവലംബിക്കാന്‍ നമുക്ക് എപ്പോഴാണ് കഴിയുക? തള്ളിക്കളയേണ്ട ഒട്ടനവധി താല്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്നത്തെ വിദ്യാഭ്യാസവ്യവസ്ഥ പെട്ടെന്നതിന് തയ്യാറാകുമെന്ന് പ്രതീക്ഷിച്ചുകൂട. അത്തരമൊരവസ്ഥ തനിയെ വരുമെന്നു കരുതാനും വയ്യ.

എന്നാല്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുന്ന രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടത്ര പ്രയോഗാവസരങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവും. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങള്‍ക്കും മറ്റു സഹായസംവിധാനങ്ങള്‍ക്കുമെല്ലാം ഇത്തരം വിദ്യാഭ്യാസ അവസരങ്ങള്‍ കുട്ടികള്‍ക്കു നല്‍കാനുതകുന്ന ചെറുതും വലുതുമായ ക്യാമ്പുകളും മറ്റവസരങ്ങളും ഒരുക്കാം. കേരളത്തില്‍ രക്ഷിതാക്കളടക്കമുള്ള വിദ്യാഭ്യാസപ്രേമികളെല്ലാം പല വേദികളില്‍ സഹകരിക്കുന്നവരും ഇടപെടുന്നവരും നേതൃത്വമെടുക്കുന്നവരുമാണ് . അത്തരം വേദികളിലെല്ലാം നമ്മുടെ നാടിന്റെ വിദ്യാഭ്യാസപ്രശ്നങ്ങള്‍ – നാളെയുടെ പ്രശ്നങ്ങള്‍ – ചര്‍ച്ചയാക്കാനും മുന്നോട്ടു പോകാനുമാകണം. കുട്ടികളുടെ മുന്നില്‍ യഥാര്‍ത്ഥത്തിലുള്ള അനന്തമായ സാധ്യതകളെ നാം മുതിര്‍ന്നവര്‍ കൊട്ടിയടക്കരുത്.

സി. രാധകൃഷ്ണന്‍ മാസ്റ്റര്‍

(ലേഖകന്‍ പാലക്കാട് ജില്ലയില്‍ ശ്രീകൃഷ്ണപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വീറ്റ്(SSWEET- Society, Seeking the Ways of Effective Educational Trends) എന്ന വിദ്യാഭ്യാസക്കൂട്ടായ്മയുടെ പ്രസിഡണ്ട് ആണ്. Contact: 94951 73035, ssweet.edu@zoho.com)

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു