Skip to content

നാട്ടുവായന

ലൈബ്രറികളുടെ പ്രാഥമികമായ ചുമതല ആളുകൾക്ക് ആവശ്യമായ പുസ്തകങ്ങൾ മുടക്കം കൂടാതെ കൊടുക്കലാണ്. എന്നാൽ ഇക്കാലത്ത് കൊടുത്തതും വായിച്ചതുമായ പുസ്തകങ്ങൾ ആളുകളിൽ അറിവായി, തിരിച്ചറിവായി, തന്റെ ജീവിതത്തെ കുറേകൂടി മെച്ചപ്പെടുത്താനുള്ള വഴികളായി മാറാനുള്ള സഹായങ്ങൾ നൽകൽ കൂടി പ്രധാനമാണെന്ന് ലൈബ്രറി സ്വീറ്റ് [Library SSWEET , Sreekrishnapuram, Palakkad, Kerala] വിചാരിക്കുന്നു. എത്രയും വേഗം നമ്മുടെ സമൂഹം ഒരു വൈജ്ഞാനിക സമൂഹമായി [Knowledge Society] മാറേണ്ടതുണ്ട്. കാലം അതാവശ്യപ്പെടുന്നു.

ഈ ആലോചനയുടെ ഫലമാണ് നാട്ടുവായന എന്ന പ്രവർത്തനം 2021ലെ വായനാപക്ഷത്തിൽ ലൈബ്രറി സ്വീറ്റ് ആരംഭിക്കുന്നത്. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ മുഴുവൻ വായനശാലകളേയും ഒരുമിപ്പിച്ച്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നത്.

ഒന്നാംഘട്ട പ്രവർത്തനങ്ങൾ

ലക്ഷ്യം: വായനയുടെ മുഖ്യധാരയിൽ നിന്ന് വിട്ടുപോയവരെ തിരിച്ച് കൊണ്ടുവരൽ.
സ്കൂൾകാലത്ത് നന്നായി വായിക്കയും സംസാരിക്കയും പ്രസംഗിക്കുകയും ചെയ്തിരുന്ന സ്ത്രീകളും പുരുഷൻമാരും ജീവിതപ്രാരാബ്ധങ്ങളിൽ പെട്ട് വായന പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുന്നു. അത്തരം ആളുകളെ വായനയിലേക്കും വായനശാലയിലേക്കും മടക്കിക്കൊണ്ടുവരൽ പ്രധാനമാണ്.
മുതിർന്നവർ വായനയിലും സംഭാഷണങ്ങളിലും ഏർപ്പെടുന്നതോടെ കുടുംബത്തിൽ അതിന്റെ ഗുണം ഉണ്ടാവുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുന്നു .
വായനശാലകൾ കുറേകൂടി ജനോപകാരപ്രദമായിത്തീരുന്നു. കുടുംബശ്രീ, അയൽക്കൂട്ടം തുടങ്ങിയസംവിധാനങ്ങളുമായി ചേർന്ന് നിൽക്കുന്നു.
വിജ്ഞാനസമൂഹം എന്ന സങ്കല്പ്പം സാധിച്ചെടുക്കാൻ വായനശാലകൾക്ക് ചിലത് ചെയ്യാനുണ്ട്.

സംഘാടനം:

  • ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ എല്ലാ ലൈബ്രറികളും സംയുക്തമായി പ്രവർത്തനങ്ങൾ ആലോചിക്കുകയും ഏറ്റെടുക്കുകയും ചെയ്യുക
  • ഓരോ ലൈബ്രറിയുടേയും ചുറ്റുവട്ടത്തുള്ളവരെ കണ്ടെത്തി ലിസ്റ്റ് ചെയ്യുക. അവരെ ഒറ്റഗ്രൂപ്പിൽ [ടെലിഗ്രാം ഗ്രൂപ്പ്, ചാനൽ …] ചേർക്കുക
  • നാട്ടുവായന എന്ന ലേബലിൽ ഒന്നിപ്പിക്കുക.
  • ലൈബ്രറി സ്വീറ്റ് നേതൃത്വം കൊടുക്കുക. നേതൃസമിതിയുടെ മേൽനോട്ടം ഉണ്ടാവുക
  • ഗ്രൂപ്പിൽ ചേർന്നിട്ടുള്ള അംഗങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ അതത് ലൈബ്രറികൾ ലഭ്യമാക്കുക. [അംഗത്വം തുടങ്ങിയ കാര്യങ്ങൾ പിന്നീടാവാം]
  • വായനാസാമഗ്രികൾ എല്ലാവർക്കും ലഭ്യമാക്കുക [പി ഡി എഫ്, ലിങ്ക്, ഓഡിയോ , വീഡിയോ…. തുടങ്ങിയവ]
  • സമഗ്രമായ ഡോക്യുമെന്റേഷൻ നിർവഹിക്കുക
  • ചുമതലക്ക് 8-10 പേരുള്ള ഒരു ഗ്രൂപ്പ് ഉണ്ടാക്കുക
  • വായനാവാരക്കാലത്ത് എല്ലാ ദിവസവും അനുയോജ്യമായ ഒരു സമയത്ത് വേണ്ടത്രസമയം വായനക്കും സംസാരിക്കാനുമായി ഒത്തുകൂടുക. പിന്നീട് സൗകര്യമ്പോലെ തുടർച്ച ഉണ്ടാക്കുക
  • ആസ്വാദനത്തിനും സർഗാത്മകതക്കും മാത്രം പ്രാധാന്യം. മത്സരം തീരെ ഇല്ല

പരിപാടികൾ

  • വ്യക്തിപരമായ വായനക്കുള്ള പുസ്തകങ്ങൾ അതത് ലൈബ്രറികൾ നൽകുക
  • നാട്ടുവായന പ്രവർത്തനങ്ങൾക്കായി നേരത്തെത്തന്നെ പ്രത്യേക വായനാസാമഗ്രികൾ നൽകുക
  • പുസ്തകങ്ങളും വായനാസാമഗ്രികളും – കഥ, കവിത, നോവൽ, ഉപന്യാസങ്ങൾ, ശാസ്ത്രലേഖനങ്ങൾ, ചരിത്രകൃതികൾ, റ്റെക്നോളജി, സിനിമ തുടങ്ങിയവയൊക്കെ – നന്നായി പ്രയോജനപ്പെടുത്തുക
  • ആസ്വാദന ചർച്ചകൾ, വ്യക്തിപരമായ വായനാനുഭവം പങ്കുവെക്കുക, വായനാരീതികൾ – ആസ്വാദനരീതികൾ – തുടർവായനകൾ തുടങ്ങിയവക്ക് അവസരം ഉണ്ടാക്കുക
  • പുസ്തകങ്ങൾ, വായനാസാമഗ്രികൾ തുടങ്ങിയവ സംബന്ധിച്ച ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉണ്ടാക്കിയെടുക്കുക
  • വലിയ എഴുത്തുകാരെയും വായനക്കാരെയും പരിചയപ്പെടുക
  • പത്രങ്ങളിലെ ഞാറായ്ഴപ്പതിപ്പുകൾ, വാരികകൾ, മാസികകൾ, സ്കൂൾ മാസികകൾ തുടങ്ങിയവ ശ്രദ്ധയിൽ പെടുത്തുക
  • അടുക്കളയിലൊരു ലൈബ്രറി എന്ന സങ്കൽപ്പം പ്രാവർത്തികമാക്കുക [ഡിജിറ്റലടക്കം – പുസ്തകം, ഓഡിയോ, വീഡിയോ …]
  • വീടുകളിൽ വൈജ്ഞാനിക ചർച ആരംഭിക്കുക

രണ്ടാം ഘട്ടം: വിപുലീകരണം

  • താലൂക്ക് ലൈബ്രറി കൗൺസിലിൽ നാട്ടുവായന പദ്ധതി നടപ്പാക്കാനാവശ്യമായ ചർച്ചകൾ – പ്രവർത്തനങ്ങൾ
  • താലൂക്കിലെ എല്ലാ ലൈബ്രറികളിൽനിന്നുമുള്ളവരുടെ സജീവമായ [2500 പേർ] വായനാക്കൂട്ടം രൂപീകരിക്കുക
  • ലൈബ്രറി കൗൺസിലിന്റെ മുൻകയ്യിൽ വലിയൊരു വിജ്ഞാനസമൂഹം കെട്ടിപ്പടുക്കുക.
വായനാ സന്ദേശം: പി. എം. നാരായണന്‍ മാഷ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു