കുട്ടികളുടെ അവതരണത്തിനു തുടര്‍ച്ചയായി, സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളുടെ ചരിത്രപശ്ചാത്തലം വിശകലനം ചെയ്ത് വെള്ളിനേഴി ഗവ.എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ വി.രാമൻകുട്ടി സംസാരിച്ചു.
രാമൻകുട്ടി മാഷിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
സ്ത്രീപദവിയുടെ ചരിത്രം
ലൈബ്രറി സ്വീറ്റിന്റെ സംവാദത്തില്‍ അഞ്ചു കുട്ടികളാണ് ഇവിടെ സ്ത്രീപദവിയെക്കുറിച്ച് സംസാരിച്ചത്. ഇത്രയും ആഴത്തിലും പരപ്പിലും ഈ വിഷയം ഉള്‍ക്കൊണ്ട് സംസാരിച്ച ഓരോ കുട്ടിയെയും അഭിനന്ദിക്കട്ടെ. സംസാരത്തില്‍ പ്രധാനമായും ഊന്നിയിട്ടുള്ളത് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ആഴവും പരപ്പുമാണ്. ഏതെല്ലാം ജീവിതത്തുറകളില്‍ എന്തെല്ലാം തരത്തിലുള്ള വിവേചനങ്ങളാണ്, വേര്‍തിരിവുകളാണ് സ്ത്രീജീവിതം നേരിടുന്നത് എന്ന് സവിസ്തരമായി അഞ്ചുപേരും ചേര്‍ന്ന് പറഞ്ഞിട്ടുണ്ട്. ഈ വിവേചനം ഉണ്ടായിവരാന്‍ എന്താണ് കാരണം, ആരാണ് ഈ സ്ത്രീകളെ ഈ രൂപത്തില്‍ വേര്‍തിരിവുകളോടുകൂടി ജീവിതത്തിലെ താഴ്ന്ന പദവികളില്‍ കെട്ടിയാഴ്ത്തുന്നത്എന്ന മുഖ്യമായ ചോദ്യത്തെക്കൂടി നമ്മള്‍ പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
സ്ത്രീകള്‍ക്ക്, തങ്ങള്‍ താണ തരത്തില്‍ ജീവിക്കേണ്ടവരാണെന്ന് അവരുടെ മനസ്സിലും പുരുഷന്മാരുടെ മനസ്സിലും ഒരുപോലെ ഉണ്ടാകുന്ന ഒരു തോന്നലിനെ എല്ലാവരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത്തരമൊരു തോന്നല്‍ ഉണ്ടാക്കിയെടുത്തത് ആരാണ്? ആരാണ് ഈ ദുരവസ്ഥയുടെ യഥാര്‍ത്ഥ ഉത്തരവാദികള്‍? പലപ്പോഴും സ്ത്രീപദവിയെക്കുറിച്ചുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അതില്‍ ശത്രുസ്ഥാനത്ത് കേവലവാദികള്‍ പ്രതിഷ്ഠിക്കുക പുരുഷനെയാണ്. പുരുഷന്‍ വിപരീതം സ്ത്രീ എന്നും സ്ത്രീ വിപരീതം പുരുഷന്‍ എന്നും വളരെ കൃത്യമായി അടയാളപ്പെടുത്തുന്നതിന്റെ പിന്നില്‍ നടന്നുപോകുന്നത് യഥാര്‍ത്ഥത്തില്‍ സ്ത്രീപദവിയെ ഇടിച്ചുതാഴ്ത്തപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം മൂടിവെയ്ക്കപ്പെടുന്നു എന്നതാണ്. അതിനെക്കൂടി പുറത്തുകൊണ്ടുവരുന്ന ഒരു സമീപനമായിരിക്കും ശരി.
സ്ത്രീകളുടെ താഴ്ന്ന പദവിയുടെ ഉത്തരവാദി ആണ്‍കോയ്മയാണ്. ഈ പുരുഷാധിപത്യവ്യവസ്ഥയുടെ കീഴിലാണ് എത്രയോ വര്‍ഷങ്ങളായി നാം ജീവിച്ചുവരുന്നത്. ഈ ആണ്‍കോയ്മാവ്യവസ്ഥ ഉണ്ടാക്കിയെടുത്തിട്ടുള്ള ഒരു മൂല്യബോധമുണ്ട്, ജീവിതസങ്കല്പമുണ്ട്, ജീവിതമാതൃകയുണ്ട്. അതിനു കീഴ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടര്‍ന്നുവന്നുകൊണ്ടിരിക്കുന്ന ഒരു ജീവിതത്തിലാണ് നാം ഇന്ന് വര്‍ത്തമാനകാലത്ത്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അപ്പോള്‍ ആണ്‍കോയ്മാ വ്യവസ്ഥ എന്ന മുഖ്യശത്രുവിനെയാണ് നമുക്ക് പോരടിച്ച് കീഴടക്കേണ്ടത്. ആ വ്യവസ്ഥയാണ് നമ്മുടെ എതിരാളി. ആണ്‍കോയ്മാ വ്യവസ്ഥ എന്നു പറയുമ്പോള്‍ ഒരു ചെറിയ ഉദാഹരണമെടുക്കാം.
ആളുകള്‍ ദൈവസങ്കല്പമുണ്ടാക്കിയിട്ടുണ്ട്. ഭഗവദ്ഗീതയിലെ ദൈവസങ്കല്പത്തില്‍ ദൈവത്തെ സൂചിപ്പിക്കാനുപയോഗിച്ച പദം പുല്ലിംഗപദമാണ്. ബുദ്ധിയെ സംബന്ധിച്ചും ഇന്ദ്രിയങ്ങളെ സംബന്ധിച്ചും പറയുന്ന ഒരു ശ്ലോകം ഇങ്ങനെയാണ്. ഇന്ദ്രിയങ്ങള്‍ പരമപ്രധാനമാണ്, മനസ്സ് ഇന്ദ്രിയങ്ങളേക്കാള്‍ മീതെയാണ്, ബുദ്ധിയെന്നത് മനസ്സിനെ നിയന്ത്രിച്ച് അതിന്റെ മീതെ നില്‍ക്കുന്നതാണ്, ആ ബുദ്ധിയുടെ മീതെ നില്‍ക്കുന്നവനാണ് അവന്‍. ഭഗവദ്ഗീത ദൈവത്തെ അവന്‍ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇത് ഭഗവദ്ഗീതയുടെമാത്രം ഒരു കുഴപ്പമാണോ? ഖുറാന്‍ എന്ന ദിവ്യപുസ്തകത്തില്‍ അവന്‍ എന്നുതന്നെയാണ് ദൈവത്തെ സൂചിപ്പിച്ചിരിക്കുന്നത്. അവന്‍ കരുണാമയനാണ്….അവന്‍ ദയാമയനാണ്… എന്നെല്ലാം. ബൈബിളില്‍ എങ്ങനെയാണ് ദൈവത്തെ അവതരിപ്പിച്ചിരിക്കുന്നത്? അവന്‍ വീണ്ടും വരും. ദൈവപുത്രനെയാവട്ടെ, ദൈവത്തെയാവട്ടെ, പുല്ലിംഗപദത്താലാണ് സംബോധന ചെയ്യുന്നത്. കര്‍ത്താവ് എന്നത് പുല്ലിംഗപദമാണ്. ഇങ്ങനെ പുല്ലിംഗപദങ്ങളെക്കൊണ്ട് ദൈവത്തെ അടയാളപ്പെടുത്തുന്നത് നിര്‍ദ്ദോഷമായി സംഭവിച്ചതല്ല.
ഇപ്പോള്‍, ഒരു സ്ത്രീയെ ചൂണ്ടി ഞാന്‍ അദ്ദേഹം എന്ന് പറയുമ്പോള്‍ ആ ദേഹം – ആ ദേഹം സ്ത്രീയുടേതുമാകാം പുരുഷന്റേതുമാകാം-ഭാഷയില്‍ അത് സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവില്ലാത്ത അലിംഗപദമാണ്. പക്ഷേ, അദ്ദേഹം സംസാരിക്കും എന്ന് സ്ത്രീയെക്കുറിച്ചു പറയുമ്പോള്‍ കേള്‍ക്കുന്നവരുടെ നെറ്റി ചുളിയും. എന്താണ് കാരണം? അദ്ദേഹമെന്ന് പുരുഷന്മാരെ സൂചിപ്പിക്കാന്‍വേണ്ടിയല്ലേ സൂചിപ്പിക്കുക? ഭാഷയില്‍ സ്ത്രീകളെയോ പുരുഷന്മാരെയോ സൂചിപ്പിക്കുന്നതിനുവേണ്ടി ആ ദേഹം എന്നതിന്റെ ചുരുക്കമായി അദ്ദേഹം എന്നു വിളിക്കുന്നതില്‍ ഭാഷാപരമായി ഒരു തെറ്റുമില്ല. ഭാഷാപരമായി ശരിയായിരിക്കുമ്പോള്‍ത്തന്നെ ആ അലിംഗപദത്തെ പുരുഷന്‍ പിടിച്ചെടുത്തിട്ടുണ്ട്.
ഇത്തരത്തില്‍ വളരെ സൂക്ഷ്മമായി, വളരെ സ്വാഭാവികമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ചിന്താപദ്ധതിയാണ്, അധികാരസ്വരൂപമാണ് ആണ്‍കോയ്മ. അതാവട്ടെ പതിറ്റാണ്ടുകളും നൂറ്റാണ്ടുകളുമല്ല, ആയിരത്താണ്ടുകളിലൂടെ വളര്‍ന്നുവന്നിട്ടുള്ളതാണ്, മനുഷ്യസമൂഹത്തിന്റെ വികാസവുമായി ബന്ധപ്പെട്ട് രൂപംകൊണ്ടുവന്നിട്ടുള്ളതാണ്. മനുഷ്യരുടെ ഏറ്റവും പ്രാഥമികമായ ഗണഗോത്രജീവിതത്തിന്റെ അകത്ത് സ്ത്രീകള്‍ ഇതുപോലെ വേര്‍തിരിക്കപ്പെട്ടു എന്ന് നമുക്ക് പറയാനാവില്ല. പലപ്പോഴും മാതൃകുലത്തെസ്സംബന്ധിച്ചാണ് അവിടെയെല്ലാം സൂചിപ്പിച്ചിട്ടുള്ളത്. എന്താണ് അതിന് കാരണം?
നാം ഈ വിധത്തില്‍ കുടുംബഘടനയിലേക്കൊന്നും വികസിച്ചിട്ടില്ലാത്ത ആ കാലത്ത് കൃത്യമായി ഒരാളുടെ ഉല്‍പാദനത്തിന്റെ, ഒരാള്‍ ജനിച്ചുവന്നതിന്റെ കാരണമായി ജീവപരമായി കൃത്യതയോടെ ചൂണ്ടിക്കാണിക്കാന്‍ കഴിയുക അമ്മയെയാണ്. ഈ അമ്മ പ്രസവിച്ചാണ് ഞാനുണ്ടായിട്ടുള്ളത്. ഗണഗോത്രജീവിതത്തില്‍ അച്ഛനാര് എന്നത് കൃത്യപ്പെടുത്താനാവില്ല. ശ്രീകൃഷ്ണനെസ്സംബന്ധിച്ച് ഏറ്റവും ആദ്യത്തെ പരാമര്‍ശം വരുന്നത് ഛന്ദോഗ്യോപനിഷത്തിലാണ്. അതില്‍ പറയുന്നത് ദേവകീപുത്രഃ കൃഷ്ണന്‍, ദേവകിയുടെ മകനായ കൃഷ്ണന്‍ എന്നാണ്. അതിനു ശേഷം, പില്‍ക്കാലത്ത്, ഭാഗവതം വന്നപ്പോഴേക്കും ദേവകീസുതനായ കൃഷ്ണന്റെ മേല്‍വിലാസം വസുദേവപുത്രന്‍ കൃഷ്ണന്‍ എന്നായി മാറിയിട്ടുണ്ട്.
ഇതില്‍ ദേവകി മാറി വസുദേവന്‍ വന്നു എന്നതല്ല ഇവിടെ പ്രശ്നം. സ്ത്രീനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ഗണഗോത്രജീവിതത്തിന്റെ തുടര്‍ച്ച ക്രമത്തില്‍ വികസിച്ചുവികസിച്ച് കൃഷി കണ്ടെത്തുകയും ഒരിടത്ത് സ്ഥിരതാമസമാക്കുകയും പതുക്കെപ്പതുക്കെ കുടുംബഘടന രൂപപ്പെടുകയും അങ്ങനെ കുടുംബത്തിന്റേതായി സ്വകാര്യ സ്വത്തുണ്ടാവുകയും ഒക്കെ ചെയ്തതോടുകൂടി സ്ത്രീയെന്നത് പുരുഷന്റെ പേരിലറിയപ്പെടുന്ന, പുരുഷന്റെ താങ്ങില്‍മാത്രം നിലനില്‍ക്കുന്ന അവസ്ഥ ചരിത്രത്തില്‍ രൂപംകൊള്ളുകയാണ്. അത് യാഥാര്‍ത്ഥത്തില്‍ നാം സ്വീകരിച്ചുവന്ന കുടുംബഘടനയുടെ, നാം പിന്തുടര്‍ന്ന സ്വകാര്യ സ്വത്തുടമാ സമ്പ്രദായത്തിന്റെകൂടി പ്രശ്നമാണ്.
അതുകൊണ്ട്, സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നം, പുരുഷന്മാരെ ബോധവല്‍ക്കരിച്ചുകൊണ്ട് തീര്‍ക്കാന്‍ കഴിയും എന്നു ലളിതമായി കാണാനാവില്ല. പകരം സ്ത്രീയെന്നോ പുരുഷനെന്നോ ഭേദമില്ലാതെ വിവേചനങ്ങള്‍ക്കെതിരെ പോരടിക്കുന്ന, കൃത്യമായി ആണ്‍കോയ്മ എന്ന ചിന്താരീതിയെ, ചരിത്രപരമായി രൂപംകൊണ്ട അധികാരസ്വരൂപത്തെ, ചോദ്യം ചെയ്യാനും സമത്വത്തിലേക്ക് അതിനെ കൊണ്ടുവരാനുമുള്ള പോരാട്ടങ്ങളാണുണ്ടാകേണ്ടത്. ആ പോരാട്ടങ്ങളിലൂടെയാണ് സ്ത്രീ ഇന്നു നേടിയെടുത്തിട്ടുള്ള എല്ലാ അവകാശങ്ങളും ഉണ്ടായിവന്നിട്ടുള്ളത്. വോട്ടവകാശത്തിന്റെ കാര്യമെടുത്താല്‍പ്പോലും, പുരുഷന്മാര്‍ക്ക് ലോകത്ത് വോട്ടവകാശം കിട്ടിയ പല രാജ്യങ്ങളിലും അതിന് ശേഷം എത്രയോ നൂറ്റാണ്ടു കഴിഞ്ഞാണ് സ്ത്രീകള്‍ക്ക് വോട്ടവകാശം കിട്ടിയിട്ടുള്ളത്. അതും വലിയ പോരാട്ടങ്ങളിലൂടെയാണ് നേടിയിട്ടുള്ളത്. അത്തരത്തില്‍ വലിയ പോരാട്ടങ്ങളിലൂടെ ആണ്‍കോയ്മ എന്ന, സമൂഹത്തെ ആകെ സ്വാധീനിച്ച ചിന്താപദ്ധതിയെ തകിടം മറിക്കാന്‍ നമുക്ക് മുന്നോട്ടുപോകേണ്ടതുണ്ട് ഏറെ ദൂരം എന്നാണ് ഈ വര്‍ത്തമാനം എന്നില്‍ സൂചിപ്പിച്ച ചിന്ത.
ഏറെ ഉള്‍ക്കാമ്പോടുകൂടി ഈ വിഷയം കൈകാര്യംചെയ്ത എല്ലാ കുട്ടികള്‍ക്കും അഭിനന്ദനം രേഖപ്പെടുത്തുന്നു.
വി.രാമന്‍കുട്ടി
ഹെഡ്മാസ്റ്റര്‍, ജി.എല്‍.പി.സ്കൂള്‍, വെള്ളിനേഴി