Skip to content

കുട്ടികളുടെ രചനകള്‍ – ഒന്ന്

വായനയുമായി ബന്ധപ്പെട്ട കുറച്ചു വ്യത്യസ്തമായ അനുഭവങ്ങൾ പങ്കുവെക്കാനുള്ള ചില പ്രവർത്തനങ്ങളാലോചിക്കുകയാണ് നാട്ടുവായനക്കൂട്ടം. അതിനു മുന്നോടിയായി കുട്ടികൾ എഴുതിയ ചില രചനകൾ പരിചയപ്പെടുത്താം. എഴുതിയത് കുട്ടികളാണ്. വായിച്ച് മനസ്സിലാക്കാൻ ഒട്ടും പ്രയാസമുണ്ടാവില്ല. എങ്കിലും മുതിർന്നവർക്ക് ചിന്തിക്കാവുന്ന കുറേ കാര്യങ്ങളാണ് കുട്ടികൾ എഴുതുന്നത്. ഈ രചനകൾ നിങ്ങൾക്കും വീട്ടിലെ കുട്ടികളുൾപ്പെടെയുള്ള എല്ലാവർക്കും നന്നായി ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. ഒരു രചന (കഥയോ കവിതയോ) വായിച്ച് തോന്നുന്ന അഭിപ്രായങ്ങളും സംശയങ്ങളുമെല്ലാം താഴെക്കാണുന്ന comment ബോക്സില്‍ രേഖപ്പെടുത്താം.

ഒന്ന്

പ്രിയ തയ്യല്‍ക്കാരാ…

മറക്കുവതെങ്ങനെ നിന്നെ ഞാന്‍? ഖേദിക്കുന്നു, നിന്റെ സ്വപ്നങ്ങളെല്ലാം നനഞ്ഞൊലിച്ചതിന്. നീ തന്ന നീറുന്ന വേദന സഹ്യമായിരുന്നു. പക്ഷേ, പറഞ്ഞുപരത്തിയ പരിഹാസക്കുമിളകള്‍ മനസ്സിലിപ്പൊഴും പൊട്ടാതെ കിടപ്പുണ്ട്. നിന്റെ കളി കാര്യമായിട്ടെടുത്തുപോയി. അപ്പോഴോര്‍ത്തില്ല, ഇത്ര വിപത്താവുമെന്ന്. കറുത്തുരുണ്ട കൈ നീട്ടുമ്പോള്‍ തരാറുള്ള സ്നേഹം ഓര്‍മ്മയിലിപ്പോഴും തണലാകുന്നു.

നിനക്കിപ്പോഴും സുഖംതന്നെയല്ലേ? കഴുത്തിലിപ്പോഴും അക്കങ്ങള്‍ അച്ചടിച്ച മാലയില്ലേ? നീ ഇപ്പോഴും നട്ടംതിരിയുന്ന യന്ത്രത്തിന്റെ ചുവട്ടില്‍ത്തന്നെയല്ലേ?

പ്രയസുഹൃത്തേ, പറയൂ… ഞാന്‍ നിന്റെ പഴയ സ്നേഹിതനല്ലേ? എനിക്കായിട്ടൊരു പഴം നീ ഇപ്പോഴും കരുതിവെച്ചിട്ടില്ലേ?

– അഭിരാമി

സഹ്യമായിരുന്നു – സഹിക്കാന്‍ കഴിയുന്നതായിരുന്നു, വിപത്ത് – ആപത്ത്, അപകടം

ഒരു കത്തിന്റെ രൂപത്തിലാണ് ഈ രചന. ആര് ആര്‍ക്കെഴുതിയതായിരിക്കും ഈ കത്തെന്ന് ഊഹിക്കാമോ? നിങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയുള്ള ഒരു കഥയിലെ ഒരു കഥാപാത്രം അതേ കഥയിലെ മറ്റൊരു കഥാപാത്രത്തോടു പറയുന്നതാണിത്. തയ്യല്‍ക്കാരന്‍, പഴം, നനഞ്ഞൊലിക്കുക, കറുത്തുരുണ്ട കൈ, നീറുന്ന വേദന എന്നീ പ്രയോഗങ്ങള്‍ ആ കഥയേതെന്ന് കണ്ടെത്താന്‍ സഹായിക്കും.

കഥ മനസ്സിലായാല്‍ ഈ രചനയിലൂടെ അഭിരാമി പറയാന്‍ ശ്രമിക്കുന്നതെന്താണെന്ന് കണ്ടെത്തല്‍ വളരെ എളുപ്പമാണ്. വാമൊഴിയായി പ്രചരിച്ച ഒരു കഥയെ പുതിയ രീതിയില്‍ വായിക്കാന്‍ അഭിരാമിയുടെ ഈ രചന സഹായിക്കുന്നു.

രണ്ട്

താരകവിദ്യാലയം
നിഖീഷ് എം.എം. 3, GLPS വട്ടേനാട്, കൂറ്റനാട്

ആകാശത്തൊരു വിദ്യാലയം. അതാണ് താരകവിദ്യാലയം. അവിടത്തെ അധ്യാപകരാണ് സൂര്യൻ മാഷും അമ്പിളി മാഷും. നക്ഷത്രങ്ങളാണ് കുസൃതിക്കുട്ടികൾ. മേഘത്തിലേറിയാണ് കുട്ടികൾ വിദ്യാലയത്തിലെത്തുക.

അമ്പിളിമാഷിനെ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ സൂര്യൻമാഷെ എല്ലാവർക്കും പേടിയാണ്. മഴവില്ലിന്റെ പുറത്ത് വഴുതിക്കളിക്കുമ്പോൾ സൂര്യൻ മാഷ് വഴക്ക് പറയും. മാഷ് വന്നാലുടനെ കുട്ടികൾ ഓടിയൊളിക്കും. മാഷിന്റെ കൈയിൽ തീക്കട്ടച്ചൂരലാണ്. അമ്പിളി മാഷിന്റെ കൈയിൽ ഒരു മഞ്ഞപ്പുസ്തകം മാത്രമേ ഉണ്ടാവൂ. മാഷിനെ കണ്ടാൽ കുട്ടികൾ ഓടിവരും. അവരുടെ മുഖം സന്തോഷം കൊണ്ടു തിളങ്ങും.

ഒരു ദിവസം പേടിച്ചരണ്ട നക്ഷത്രങ്ങളെ കണ്ട് മഴമേഘം ചോദിച്ചു :

“മക്കളേ, ആരെയാ നിങ്ങൾ പേടിക്കുന്നത്?”

“സൂര്യൻ മാഷിനേം തീക്കട്ടച്ചൂരലിനേം ഞങ്ങൾക്ക് പേടിയാ…”

ഇതു കേട്ട മേഘം ദൂരെപ്പോയി മഴയെ കൂട്ടി വന്നു. മഴ ശക്തിയായി പെയ്യാൻ തുടങ്ങി. കാറ്റും ഇടിയും മിന്നലും കൂടെയെത്തി. തീക്കട്ടച്ചൂരലിന്റെ ശക്തി കുറഞ്ഞു കുറഞ്ഞുവന്നു…

മഴമേഘം സന്തോഷത്തോടെ തിരിച്ചു പോയി. അപ്പോൾ സൂര്യൻമാഷ് വീണ്ടും പുറത്തിറങ്ങി. പാവം നക്ഷത്രക്കുട്ടികൾ!

പിന്നീടൊരിക്കലും അവർ സൂര്യൻ മാഷിന്റെ അടുത്തേക്ക് പോയില്ല. എന്നാൽ അമ്പിളിമാഷ് വന്നാൽ കുട്ടികൾ ഓടി വരും. പുഞ്ചിരിച്ചു നില്ക്കും. താരകവിദ്യാലയത്തിൽ മാഷിന്റെ ക്ളാസ് തുടങ്ങുകയായി…

താരകം – നക്ഷത്രം

നിഖീഷ് എന്ന മൂന്നാം ക്ലാസുകാരനെഴുതിയ ഈ കഥ മനസ്സിലാക്കാന്‍ ഒരു വിഷമവുമില്ല. ആകാശത്ത് ഒരു സ്കൂളിന്റെ അന്തരീക്ഷം നിഖീഷ് എങ്ങനെയാണ് ഉണ്ടാക്കിയെടുത്തതെന്ന് ശ്രദ്ധയോടെ വായിച്ച് കണ്ടുപിടിക്കൂ… ഈ കഥ വെറും ഭാവനയായി നില്‍ക്കുന്നില്ല. കുറച്ച് സയന്‍ സുമുണ്ട് ഇതില്‍. അതെന്താണ്?

മൂന്ന്

നീയായിരുന്നോ?
രാമകൃഷ്ണന്‍ കുമരനെല്ലൂര്‍

ഉച്ചയ്ക്കിവിടെ തനിച്ചിരിക്കേ
വീശിയുറക്കി, നീയായിരുന്നോ?
തോട്ടുവക്കത്തൊരു കൈത പൂക്കെ
പൂമണം തന്നു, നീയായിരുന്നോ?

പാട്ടുപാടുന്നൊരീച്ചില്ലകള്‍ക്ക്
താളം കൊടുത്തു, നീയായിരുന്നോ?
നീലത്തിരകള്‍ക്കു നൃത്തവേഗം
കൂട്ടിക്കൊടുത്തു, നീയായിരുന്നോ?

മേലേയ്ക്കു മേലേയ്ക്കുയര്‍ന്ന മേഘ-
മാറാല തൂത്തു, നീയായിരുന്നോ?
കാട്ടുതീയിന്റെ തുടുത്ത കൈകള്‍-
ക്കൂറ്റം കൊടുത്തു, നീയായിരുന്നോ?

കൈകള്‍ക്കൂറ്റം കൊടുത്തു – കൈകള്‍ക്ക് കരുത്തു നല്‍കി

കവിയും അധ്യാപകനുമാണ് രാമകൃഷ്ണന്‍ കുമരനെല്ലൂര്‍. യുറീക്കയുടെ പത്രാധിപരായിരുന്നു. കുട്ടികള്‍ക്കുള്ള ധാരാളം കവിതളെഴുതിയിട്ടുണ്ട്. തൂവല്‍‍ എന്ന സമാഹാരത്തിലെ ഒരു കവിതയാണിത്. ഈണത്തില്‍ ചൊല്ലാന്‍ കഴിയുന്ന മനോഹരമായ കവിത. ഈ കവിത ഉറക്കെ ചൊല്ലിനോക്കൂ.

നീയായിരുന്നോ എന്ന ചോദ്യത്തിലാണ് ഓരോ ഈരടി (രണ്ടു വരി)യും അവസാനിക്കുന്നത് . നീ ആരാണെന്ന് കണ്ടുപിടിച്ചുവോ? ഉച്ചയ്ക്ക് നമ്മളെ വീശിയുറക്കുകയും കൈതപ്പൂമണം കൊണ്ടുവന്നു തരികയും ചില്ലകളുടെ പാട്ടിന് താളം പിടിക്കുകയും തിരമാലകളുടെ നൃത്തത്തിന് വേഗം കൂട്ടുകയും മേഘമാറാലയൊക്കെ തുടച്ചുമാറ്റുകയും തീയിന്റെ തുടുത്ത കൈകള്‍ക്ക് കരുത്തു പകരുകയുമെല്ലാം ചെയ്യുന്ന നീ – ആരാവും?

ഈ കവിതയില്‍ രണ്ടോ നാലോ വരി കൂട്ടിച്ചേര്‍ത്താലോ?

നാല്

വേനല്‍
എ. ജയകൃഷ്ണന്‍

മഴയുടെ തേങ്ങല് മാറ്റാനങ്ങനെ
വേനല്‍ ചിരിച്ചൊരു വരവുണ്ട്
ഭൂമിയിലാകെ വെയിലിന്‍ തുമ്പികള്‍
മൂളിയിരുന്നൊരു ചിരിയുണ്ട്

വീടും വീട്ടിന്നകവും എല്ലാം
വെയിലു കുളിച്ചൊരു നില്‍പ്പുണ്ട്
രാവിലെയായാല്‍ തൊടി നിറയുംപടി
വെയിലിന്‍ പുഴയൊഴുകുന്നുണ്ട്

ഇത്തിരിവെള്ളം കണ്ടാല്‍പ്പോലും
വെയിലിന്നവിടൊരു കുളിയുണ്ട്
ഇടവഴിയുള്ളില്‍ വള്ളിക്കുടിലില്‍
വെയിലിനൊരോട്ടക്കണ്ണുണ്ട്

വൈകുന്നേരം കുന്നിന്‍മുകളില്‍
വെയിലിനു നല്ലൊരു കളിയുണ്ട്
കളിയും തീര്‍ന്നു കരഞ്ഞുകലങ്ങി
വെയിലിനു പിന്നൊരു പോക്കുണ്ട്.

ഇതാ, താളത്തില്‍ പാടാന്‍ പറ്റിയ മറ്റൊരു മനോഹരകവിത.

വെയിലിനെക്കുറിച്ചാണ്. മഴ തേങ്ങിക്കരയുന്നതു കണ്ടിട്ട് ആ തേങ്ങല്‍ മാറ്റാനാണ് വേനല്‍ അഥവാ വെയില്‍ എത്തുന്നത്. അങ്ങനെ വരുന്ന വെയിലിന്റെ കളികളാണ് നിറയേ ചിത്രം വരച്ചിട്ടതുപോലെ കവിതയില്‍ കാണുന്നത്. വീട്ടിനകത്തും പുറത്ത് തൊടിയിലും ഇടവഴിയിലും വള്ളിക്കുടിലുകളിലും കുന്നിന്‍മുകളിലുമെല്ലാം വെയിലിന്റെ പലപല കുസൃതികള്‍ കാണാം. ഒടുവില്‍ കരഞ്ഞു കലങ്ങി മടങ്ങുന്ന വെയിലിനെ കണ്ടിട്ടുണ്ടോ? എന്താണീ കരഞ്ഞുകലങ്ങിയുള്ള മടക്കം?

വെയിലും മഴയും അവരുടെ കളികളുമല്ലാതെ ഈ കവിതയിലൂടെ മറ്റെന്തെങ്കിലും കാണാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്താണാ കാഴ്ച?

അഞ്ച്

കുഞ്ഞിപ്പുല്ല്
മുഹമ്മദ് റഹ് മാന്‍ എ.
7, GHSS മുന്നൂര്‍ക്കോട്

തൊടിയിലെ മറ്റു പുല്ലുകള്‍ക്കിടയിലാണ് കുഞ്ഞിപ്പുല്ല്. എല്ലാവരുടെയും തലയില്‍ ഓരോ പൂവുണ്ട്. എന്നാല്‍ കുഞ്ഞിപ്പുല്ലിന്റെ തലയിലെ പൂവ് ഉണങ്ങിക്കരിഞ്ഞ് നിലത്തു കിടക്കുന്നു. അടുത്ത വീട്ടിലെ ആട് പറിച്ചിട്ടു പോയതാണ്. പൂവിനെ നോക്കി കരഞ്ഞിരിക്കുകയാണ് കുഞ്ഞിപ്പുല്ല്. ഒരു ദിവസം പുലരിയില്‍ വീണ മഞ്ഞുതുള്ളി ഒരു ചെടിയുടെ തുമ്പിലെത്തി. അവള്‍ കുഞ്ഞിപ്പുല്ലിനെ കണ്ടു. കുഞ്ഞിപ്പൂവിന്റെ ഇരിപ്പു കണ്ടപ്പോള്‍ അവള്‍ക്ക് കാര്യം പിടികിട്ടി. പാവം തോന്നിയ അവള്‍ മെല്ലെയൊന്നിളകി.

അതാ, കുഞ്ഞിപ്പൂവിന്റെ തലയില്‍ വെള്ളപ്പൂവണിഞ്ഞതുപോലെ മഞ്ഞുതുള്ളി. എല്ലാവരും കുഞ്ഞിപ്പൂവിനെ ശ്രദ്ധിക്കാന്‍ തുടങ്ങി.

പുതുമഴ – കുട്ടികളുടെ രചനാസമാഹാരം – 2010

ആറ്

നാട്ടുവായന - ഋതു

2008-09 ല്‍ പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി ഉപജില്ലയില്‍നിന്ന് ആരംഭിച്ച് കേരളം മുഴുവന്‍ വ്യാപിപ്പിച്ച കുട്ടികളുടെ എഴുത്തുകൂട്ടംരചനാശില്പശാലകളില്‍ കുട്ടികളെഴുതിയ നൂറിലേറെ കവിതകളും കഥകളും ചേര്‍ത്ത് സര്‍വ്വശിക്ഷാ അഭിയാന്‍ (S.S.A.) പുതുമഴ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കുഞ്ഞിപ്പുല്ല്, പായുന്ന കാര്‍‍ എന്നീ കൊച്ചുകഥകള്‍ ആ സമാഹാരത്തില്‍നിന്നാണ്.

കുഞ്ഞിപ്പുല്ല് എന്ന കഥയില്‍ പറയുന്ന കാര്യം വളരെ കുറച്ചേയുള്ളൂ. പായുന്ന കാര്‍ എന്ന കഥയും അതുപോലെത്തന്നെ. പക്ഷേ, ഈ കഥകള്‍ നമ്മളെ എത്തിക്കുന്നത് സമൂഹത്തിലെ രണ്ടുതരം പെരുമാറ്റങ്ങളെയാണ്. കുഞ്ഞിപ്പുല്ലും ഭംഗിയില്ലാത്ത കാറും ഒരേ അവസ്ഥയിലുള്ളവരാണ്. മഞ്ഞുതുള്ളി കുഞ്ഞിപ്പുല്ലിനെയും പെയിന്റ് കാറിനെയും സഹായിക്കാനെത്തുന്നു. തുടര്‍ന്ന് ഉണ്ടാകുന്നതെന്തൊക്കെ? ഈ കഥകള്‍ നമ്മളോടു പറയുന്നെന്തൊക്കെയാണ്? നിങ്ങള്‍ക്ക് ഈ
കഥകളെക്കുറിച്ച് എന്തെല്ലാം പറയാനുണ്ട്?

ഏഴ്

ഇതൊന്നുമറിയാതെ - നാട്ടുവായന - ഋതു

അമൃത ടി.പി. എഴുതിയ ഈ കഥ വായിച്ചുകഴിയുമ്പോള്‍ മനസ്സിലൊരു വിങ്ങലനുഭവപ്പെടുന്നുണ്ടോ? ചിക്കന്‍ ബിരിയാണിയും ചില്ലി ചിക്കനും രുചിയോടെ കഴിക്കുന്നവരാവും നിങ്ങള്‍. എങ്കിലും ഇവിടെ അമൃതയുടെ (ഇത് അവളുടെ സ്വന്തം അനുഭവമാണ്) കണ്ണു നിറയുന്നതോടൊപ്പം നിങ്ങളുടെ കണ്ണും നിറയും. കഥ വായിച്ചുകഴിഞ്ഞ് കഥയുടെ പേര് ഒന്നുകൂടി വായിക്കൂ… “ഇതൊന്നുമറിയാതെ…” എന്ന വാക്കിലൊളിപ്പിച്ചുവെച്ചിരിക്കുന്ന സങ്കടം അപ്പോള്‍ നിങ്ങളറിയും. കഥയുടെ അവസാനവാക്യം നിങ്ങളെ സുന്ദരിയുടെയും അവളുടെ കുഞ്ഞിക്കുട്ടികളുടെയും അടുത്തേക്ക് കൂട്ടിക്കൊണ്ടുപോകും. അതാണ് കഥയുടെ ശക്തി. നടന്ന കാര്യങ്ങള്‍ അതേപടി എഴുതിയിരിക്കുകയാണ് അമൃത. എങ്കിലും അവളുടെ സങ്കടം വായനക്കാരുടേതുകൂടിയായി മാറുന്നു.

ഈ കഥയ്ക്ക് ഒരു ചിത്രം വരയ്ക്കാന്‍ ഞാന്‍ മുമ്പ് എന്റെ സ്കൂളിലെ നന്നായി ചിത്രം വരയ്ക്കുന്ന ഒരു കുട്ടിയോട് പറഞ്ഞു. പിരീഡ് അവസാനിക്കുംവരെ അവള്‍ ആ കഥയിലേക്ക് നോക്കി ഒന്നും വരയ്ക്കാതിരുന്നു. ബെല്ലടിച്ചപ്പോള്‍ എന്റെയടുത്ത് വന്ന് ‍ വീട്ടില്‍പ്പോയി വരച്ച് നാളെ കൊണ്ടുവരാം എന്ന് പറഞ്ഞു. പിറ്റേന്ന് ഞാന്‍ ക്ലാസിലെത്തിയപ്പോള്‍ അവള്‍ മങ്ങിയ മുഖത്തോടെ പറഞ്ഞതിങ്ങനെ : “രാത്രിയൊക്കെ വരയ്ക്കാന്‍ നോക്കി മാഷേ, ആ സുന്ദരിക്കോഴീടേം കുട്ട്യോള്‍ടേം കാര്യം ഓര്‍ത്തിട്ട് എനിക്ക് വരയ്ക്കാനേ പറ്റീല്ല.” ഞാനവളുടെ പുറത്തു തട്ടി സമാധാനിപ്പിച്ചു:
“സാരല്യ…. ഈ കഥയ്ക്ക് ചിത്രം വേണ്ട.”

എട്ട്

മഴയോടൊപ്പം
അലിഡ കെ.എം.
6, GVHSS കാരാകുര്‍ശ്ശി

മഴയ്ക്കെന്തൊരു അഴകാണ് !
അമ്മയുടെ വിടര്‍ന്ന ചിരിപോലെ,
പാല്‍നുരപോലെ,
പൂനിലാവുപോലെ…

മഴയ്ക്കെന്തൊരു കുറുമ്പാണ് !
കുപ്പിവള തല്ലിയുടയ്ക്കും
ചേച്ചിയെപ്പോലെ,
പമ്മിപ്പമ്മി പാലു കുടിക്കും
കുറുഞ്ഞിയെപ്പോലെ…

മഴയ്ക്കെന്തൊരു ദേഷ്യമാണ് !
തെറ്റു കണ്ടാല്‍ തുള്ളിവിറയ്ക്കും
അച്ഛനെപ്പോലെ,
വീട്ടുകണക്ക് ചെയ്യാതെത്തും
കുട്ടിയെ നോക്കും മാഷിനെപ്പോലെ…

മഴയ്ക്കെന്തൊരു സ്നേഹമാണ് !
ഉണ്ണിയെ ചേര്‍ത്തുപിടിച്ച്
കഥ പറയും മുത്തശ്ശിയെപ്പോലെ,
കവിളില്‍ തലോടി മധുരം നല്‍കും
മുത്തശ്ശനെപ്പോലെ…
പിണങ്ങാതങ്ങനെ ചേര്‍ന്നിരിക്കും
മണ്ണിനെപ്പോലെ…
മഴയ്ക്കെന്തൊരു സ്നേഹമാണ് !

അലിഡ എഴുതിയ ഈ മഴക്കവിത എങ്ങനെയുണ്ട്, ഇഷ്ടപ്പെട്ടില്ലേ? മഴയുടെ അഴകും കുറുമ്പും ദേഷ്യവും സ്നേഹവും അലിഡ അതിമനോഹരമായി
ആവിഷ്കരിച്ചിരിക്കുന്നു.

മഴ വീടിനു പുറത്ത് കുറുമ്പു കാട്ടുമ്പോള്‍ കുട്ടികള്‍ വീടിനുള്ളില്‍ കുറുമ്പു കാട്ടും. കവിതയിലെ അവസാനവരിയില്‍ മണ്ണിനെപ്പോലെ സ്നേഹമുണ്ട് മഴയ്ക്ക് എന്നാണ് അലിഡ പറയുന്നത്. മണ്ണിന്റെ സ്നേഹം നമ്മള്‍ എങ്ങനെയാണ് അറിയുക?

അലിഡ ഇക്കവിതയില്‍ പറഞ്ഞതുകൂടാതെ മഴയ്ക്ക് എന്തെല്ലാം ഭാവങ്ങളുണ്ടെന്ന് ചിന്തിച്ചുനോക്കൂ.

ഒന്‍പത്

മധുരമൂറുന്ന അപ്പം
അമൃത പി.
4, ALPS തെക്കുംമുറി, കാറല്‍മണ്ണ

ഒരു ദിവസം അച്ഛന്റെ കൂടെ ഒരു യാത്ര പോയി. അവിടെനിന്ന് രണ്ട് അപ്പം കിട്ടി. ഒന്ന് ഞാന്‍ തിന്നു. എന്തു നല്ല രുചി! ഞാന്‍ മറ്റേ അപ്പം വേഗം കലാസില്‍ പൊതിഞ്ഞു.

ഞാന്‍ വീട്ടിലേക്കു തിരിച്ചു.

വീട്ടുമുറ്റത്ത് ഒരു കുഴിയുണ്ടാക്കി. ആ അപ്പം കുഴിച്ചിട്ടു. വെള്ളത്തിനു പകരം ശര്‍ക്കരവെള്ളം ഒഴിച്ചുകൊടുത്തു. വെണ്ണീറിനു പകരം തേങ്ങ ചിരവിയതിട്ടു. അങ്ങനെ അത് മുളച്ചു വളര്‍ന്നു. എനിക്ക് സന്തോഷമായി.

എന്റെ അപ്പമരം വളര്‍ന്ന് പന്തലിച്ചുവന്നു. അതിന്മേല്‍ നിറയെ അപ്പം ഉണ്ടായി. നല്ല മധുരമൂറുന്ന അപ്പം…
ഞാന്‍ ഞെട്ടിയുണര്‍ന്നു.

പുതുമഴ – കുട്ടികളുടെ രചനാസമാഹാരം – 2010

രസമുള്ള കഥ, അല്ലേ? കഥയുടെ അവസാനം അമൃത നമ്മളെ ശരിക്ക് ഞെട്ടിക്കുന്നുണ്ട്. എങ്ങനെ? ഈ കഥ, “ഞാനിന്നലെ ഒരു സ്വപ്നം കണ്ടു” എന്നു തുടങ്ങിയിരുന്നെങ്കിലോ?

ഉണ്ണി അപ്പം കുഴിച്ചിട്ട കഥയുണ്ട്, അപ്പമരം എന്ന് പ്രസിദ്ധമായ ആ കഥ അമൃത സ്കൂളില്‍നിന്നോ വീട്ടില്‍നിന്നോ കേട്ടിട്ടുണ്ടാവും… അങ്ങനെ കേട്ട കഥയെ അവള്‍ തന്റെ സ്വന്തമാക്കി മാറ്റിയതെങ്ങനെ എന്ന് ശ്രദ്ധിക്കൂ…

നേരത്തേ, അഭിരാമി കേട്ടിട്ടുള്ള ഒരു ചൊല്‍ക്കഥയ്ക്ക് അവളുടേതായ തുടര്‍ച്ച ഉണ്ടാക്കിയതുപോലെ ഇവിടെ അമൃ‍ത കേട്ടുമനസ്സിലാക്കിയ ഒരു കഥയില്‍നിന്ന് ഒരിത്തിരിക്കാര്യങ്ങള്‍ സ്വീകരിച്ച് സ്വന്തം കഥ മെനഞ്ഞെടുത്തിരിക്കുന്നു.

മാത്രമല്ല, അവതരണത്തിലെ പുതുമയാണ് കഥയെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്.

പത്ത്

പൂവും പൂമ്പാറ്റേം
സായ് വേദ
3, ജി. എല്‍. പി. സ്ക്കൂള്‍ വട്ടേനാട്, കൂറ്റനാട്

കുഞ്ഞുപൂവിന്‍ കവിളത്ത്
മുത്തം നല്‍കീ പൂമ്പാറ്റ
മുത്തം നല്‍കിയ നേരത്ത്
ആടിയുലഞ്ഞൂ കുഞ്ഞിപ്പൂ.
കുഞ്ഞിപ്പൂവിന്‍ സന്തോഷം
കണ്ടു രസിച്ചൂ പൂമ്പാറ്റ.
ഒന്നു ചൊല്ലീ പൂമ്പാറ്റ,
“തേന്‍ കുടിക്കാന്‍ തരുമോ നീ?”
“എന്റെ മേനി നോവല്ലേ,
ഇതളുകളൊന്നും കൊഴിയല്ലേ,
കുഞ്ഞപ്പാറ്റേ, പൂമ്പാറ്റേ.”
എന്നു ചൊല്ലീ കുഞ്ഞിപ്പൂ.
സന്തോഷത്താല്‍‍ പൂമ്പാറ്റേം
കുഞ്ഞിപ്പൂവും കളിയാടി.

എഴുത്തുകൂട്ടത്തില്‍ നമ്മള്‍ ഒത്തുചേര്‍ന്ന് നടത്തുന്ന വായനയെക്കുറിച്ചുള്ള ചര്‍ച്ചയിലും രചനാപ്രവര്‍ ത്തനങ്ങളിലും നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഏതാനും രചനകള്‍ ഇതിനകം പരിചയപ്പെടുത്തി. സായ് വേദ എന്ന മൂന്നാം ക്ലാസുകാരിയുടെ ഒരു കവിത. പുതിയ വിഷയമൊന്നുമല്ല സായ് വേദ കവിതയ്ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. പൂവിനെയും പൂമ്പാറ്റയെയുംകുറിച്ച് പറയുകയാണവള്‍. പിന്നെ എന്താണ് ഈ കവിതയുടെ സവിശേഷത? പൂവ് (പൂക്കള്‍) വിരിഞ്ഞുനില്‍ക്കുന്നു. പൂമ്പാറ്റകള്‍ വന്ന് അവയിലെ തേന്‍ കുടിക്കുന്നു. പറന്നുപോകുന്നു. ഒരു അത്ഭുതവും തോന്നാത്ത പതിവുകാര്യങ്ങള്‍. എന്നാല്‍ കുട്ടി അതില്‍നിന്ന് കവിത വിരിയിക്കുന്നതെങ്ങനെയാണ്?

സായ് വേദയുടെ പൂമ്പാറ്റ പൂവില്‍ വന്നിരിക്കുകയല്ല, അത് കുഞ്ഞുപൂവിന് മുത്തം നല്‍കുകയാണ്. പൂമ്പാറ്റ വന്നിരിക്കുമ്പോള്‍ പൂവിനുണ്ടാകുന്ന കുലുക്കം ഉമ്മ കിട്ടിയതിലുള്ള സന്തോഷമാണ്. എനിക്കിത്തിരി തേന്‍ തരുമോ എന്നാണ് പൂമ്പാറ്റയുടെ ചോദ്യം. എന്റെ കുഞ്ഞിതളുകള്‍ വീണുപോവാതെ, എന്നെ നോവിക്കാതെ തേന്‍ കുടിച്ചോ എന്ന് പൂവ്. പിന്നെ അവിടെ കണ്ടത് രണ്ടുപേരുടെയും സന്തോഷക്കളിയാട്ടമാണ്. സായ് വേദയുടെ പൂവ് വെറും പൂവല്ല. പൂമ്പാറ്റ വെറും പൂമ്പാറ്റയുമല്ല. അവള്‍ തന്റെ കവിതയിലൂടെ പൂവിനെയും പൂമ്പാറ്റയെയും ആകെ മാറ്റിയെടുക്കുന്നു. ഇപ്പോള്‍ അവര്‍ രണ്ട് ചങ്ക് ഫ്രന്‍ഡ്സാണ് ! വീട്ടിലും സ്കൂളിലും നിങ്ങള്‍ക്ക് പരിചയമുള്ള അടുത്ത കൂട്ടുകാരാണ്. അത്രയുമല്ല, അതിലൊരാള്‍ നിങ്ങള്‍തന്നെയാണ്. അവിടെ സ്നേഹത്തിന്റെ, കരുതലിന്റെ, സന്തോഷത്തിന്റെ പ്രകാശം പരക്കുന്നു. ഇങ്ങനെ സാധാരണ കാഴ്ചകളെ സവിശേഷമായ കാഴ്ചകളാക്കി മാറ്റലാണ് കവിതയെഴുത്ത്.

ഇങ്ങനെ പുതിയ കാഴ്ചകള്‍ കാണാനും അത് വാക്കുകള്‍കൊണ്ടുള്ള ചിത്രങ്ങളാക്കി വരച്ചിടാനും മുതിര്‍ന്നവരേക്കാള്‍ കഴിവുള്ളവരാണ് കുട്ടികള്‍.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു