ചുറ്റും പടര്‍ന്നുകൊണ്ടിരിക്കുന്ന മതാന്ധതയും അന്ധവിശ്വാസങ്ങളൂം അവയുപയോഗിച്ച് ശക്തിയാര്‍ജ്ജിക്കുന്ന വര്‍ഗ്ഗീയരാഷ്ട്രീയവും കാണുമ്പോള്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തേണ്ട നമ്മുടെ വിദ്യാഭ്യാസത്തിലെ കുറവെന്ത് എന്നു വീണ്ടും വീണ്ടും ആലോചിക്കേണ്ടതാണ് എന്നു തോന്നുന്നു. ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള കഴിവ് കുറയുന്നുണ്ടോ ?
പരീക്ഷക്കും മത്സരത്തിനും വേണ്ടിയുള്ള പഠനമാകുമ്പോള്‍, നല്ലപോലെ കളിക്കാനവസരങ്ങള് കിട്ടാതാകുമ്പോള്‍ കുട്ടികളില്‍ സ്വാഭാവികമായി വളരേണ്ട ചിലതൊക്കെ മുരടിക്കുന്നില്ലേ എന്നു സംശയം. ശാസ്ത്രബോധമുണര്ത്തുന്നതിലും വളര്‍ത്തുന്നതിലും ശൈശവകാലത്തെ കളികള്‍ക്കുപോലും വലിയ പ്രാധാന്യമാണ് വാസ്തവത്തിലുള്ളത്.
കുട്ടിക്കാലത്ത് കളികളില്‍ മുഴുകുന്നത് എങ്ങനെയൊക്കെയാണ് നൈസര്‍ഗ്ഗികമായ ശാസ്ത്രബോധമുണ്ടാവുന്നതിന് സഹായിക്കുന്നത്?
ജിജ്ഞാസയും അന്വേഷണത്വരതയും:
കളിയില്‍ അന്വേഷണവും പരീക്ഷണവും ചോദ്യങ്ങളുമുണ്ട് എപ്പോഴും. കളികളിലൂടെ സ്വാഭാവികമായി വികസിക്കുന്ന ജിജ്ഞാസ ശാസ്ത്രീയമായ അന്വേഷണങ്ങളിലേക്കും കണ്ടെത്തലുകളിലേക്കും പിന്നീട് വഴിവെക്കുന്നു.
പ്രശ്നപരിഹാരത്തിനുള്ള കഴിവ്:
കളിക്കുന്ന വേളയില്‍ തടസ്സങ്ങള്‍ മറികടക്കണം, വിമര്‍ശനാത്മകമായി ആലോചിക്കണം, പരിഹാരങ്ങള്‍ കാണണം. ഇതെല്ലാംതന്നെ ശാസ്ത്രീയചിന്തക്കുള്ള അടിത്തറയാണ് പണിയുന്നത്.
നിരീക്ഷണവും അനുമാനവും:
കളികളിലൂടെ കാര്യ-കാരണ ബന്ധങ്ങള്‍ നിരീക്ഷിക്കുകയും അവരുടെ അനുമാനങ്ങളെ ബന്ധപ്പെടുത്തുന്നതും ചെയ്യുന്നതു കാണാം. ഉദാഹരണത്തിന് ബില്‍ഡിംഗ് ബ്ലോക്കുകള്‍ കൊണ്ടു കളിക്കുമ്പോള്‍ എങ്ങനെ വെച്ചാലാണ് കൂടുതല്‍ ഉറപ്പുണ്ടാകുന്നത് എന്നു കണ്ടെത്തുന്നു. വെള്ളത്തില്‍ ഓരോ വസ്തുക്കളും എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിക്കുന്നു.
പ്രായോഗികപ്രവര്‍ത്തനങ്ങളും പഞ്ചേന്ദ്രിയാനുഭവങ്ങളും:
കുട്ടികള്‍ കളികളില്‍ മുഴുകുമ്പോള്‍ അവർ കൈവിരലുകളും കൈകാലുകളും കണ്ണൂം മൂക്കും നാക്കും ചെവിയും തൊലിയും മറ്റ് അവയവങ്ങളും എല്ലാം ഉപയോഗിക്കുന്നു. അവരുടെ പ്രവർത്തനങ്ങളെ സൂക്ഷ്മപ്പെടുത്താന്‍, കൃത്യപ്പെടുത്താന്‍, മെച്ചപ്പെടുത്താൻ, ലക്ഷ്യത്തിലെത്തിക്കാൻ മനസ്സും ഒപ്പം ഉണ്ട്. അവയവങ്ങളും ഇന്ദ്രിയങ്ങളും മനസ്സും ഒത്തുചേര്‍ന്ന സജീവമായ പ്രവർത്തനാനുഭവങ്ങളിലൂടെയാണ് അവര്‍ പഠിക്കുന്നത്. അതിലൂടെയാണ് ശാസ്ത്രീയബോധം വികസിക്കുന്നത്.ത്തില്‍ ഓരോ വസ്തുക്കളും എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിക്കുന്നു.
ഭാവനയും സര്‍ഗ്ഗാത്മകതയും:
കളികള്‍ കുട്ടികളിലെ ഭാവനയെയും സര്‍ഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്നു. അവര്‍ പ്രശ്നങ്ങള്‍ക്ക് പുതുമയുള്ള പരിഹാരങ്ങള്‍ കാണുന്നു, പുതിയവ സങ്കല്പിക്കുന്നു. നൂതനമായ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ഇവ ആവശ്യമാണ്.
ആശയവിനിമയവും സഹകരണവും:
കൂട്ടം ചേര്‍ന്നുള്ള കളികളിലെല്ലാം പരസ്പരസമ്പര്‍ക്കവും പങ്കുവെക്കലുകളുമുണ്ട്. ഒന്നിച്ചുള്ള കളികളില്‍ ആശയങ്ങള്‍ പങ്കുവെക്കുകയും പൊതുവായ ലക്ഷ്യത്തിലെത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ശാസ്ത്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പരിശീലനങ്ങള്‍ വേണ്ടതുതന്നെ.ണുന്നു, പുതിയവ സങ്കല്പിക്കുന്നു. നൂതനമായ ശാസ്ത്രീയ അന്വേഷണങ്ങള്‍ക്ക് ഇവ ആവശ്യമാണ്.
കുട്ടിപ്രായത്തിൽ കളികള്‍ക്കും പ്രായോഗിക പ്രവർത്തനങ്ങൾക്കും മുൻതൂക്കം കിട്ടുന്ന തരത്തിലാണ് വിദ്യാഭ്യാസം നടക്കേണ്ടത്. മുഷിഞ്ഞും, മെനക്കെട്ടും, ആർക്കോവേണ്ടി പഠിക്കുകയാണ് എന്ന തോന്നലല്ല ഉണ്ടാകേണ്ടത്. ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുകയാണ്, ഇഷ്ടപ്പെട്ടതിൽ മുഴുകുകയാണ് എന്നു കുട്ടിക്ക് തോന്നേണം. അതിനുള്ള അവസരം അവരുടെ അവകാശമാണ്.
“കളിയാണു രീതി, സ്നേഹമാണ് ഭാഷ” എന്നൊക്കെ പറയുന്നുണ്ടെങ്കിലും കളി വേറെ, കാര്യം(പഠനം) വേറെ എന്ന രീതിയാണ് മിക്കവാറും നടക്കുന്നതായി കാണുന്നത്.