Skip to content

വായനയുടെ പ്രേരണ

by SV Ramanunni

വായനക്ക് വായനതന്നെയാണ് ഏറ്റവും ശക്തമായ പ്രചോദനം. ഒരു പുസ്തകം അതിനേക്കാൾ മെച്ചപ്പെട്ട ഒന്നിലേക്ക് നയിക്കുന്നു. നാം വായിച്ചതിനെ കുറിച്ച് ആലോചിക്കുന്നു. ആലോചന സമാനമനസ്കരുമായി പങ്കുവെക്കുന്നു. അതോടെ വായിച്ചത് ഇരട്ടിക്കുന്നു. അടുത്തത് വായിക്കാൻ വെമ്പൽ കൊള്ളുന്നു. പലവഴിക്കും നമുക്കിഷ്ടപ്പെട്ട പുസ്തകങ്ങൾ നമ്മുടെ അടുത്ത് എത്തുന്നു. അതിനായി ശ്രമിക്കുന്നു.

ഈ വെമ്പൽ എന്നു നാം പറയുന്നത് മാനസിക വികാസമാണ്. നമ്മുടെ മനോഭാവങ്ങൾ, ശീലങ്ങൾ, പെരുമാറ്റം, ധാരണകൾ എല്ലാം നവീകരിക്കപ്പെടുന്നു. നിരന്തരമായ വായന നമ്മെ പുതുക്കിയെടുക്കുന്നു. പുതിയ ആളാക്കുന്നു. ഖസാക്കിന്റെ ഇതിഹാസം വായിക്കുന്നതിനു മുമ്പുള്ള ആളല്ല , വായിച്ചു കഴിഞ്ഞ ആൾ.

തോന്നുമ്പൊഴൊക്കെ വായിക്കാൻ നമുക്കാവണം. വായനാസാമഗ്രി കയ്യെത്തും ദൂരത്ത് വേണം. സാങ്കേതികത വികസിച്ച ഇക്കാലത്ത് അത് സാധ്യമാണ്. പ്രിന്റ് പുസ്തകം തന്നെ വേണമെന്നില്ല. ഡിജിറ്റൽ പുസ്തകങ്ങൾ നമ്മുടെ മൊബൈലിലും ഇ ബുക്ക് റീഡറുകളിലും സുലഭമാണ്. വായിച്ചത് സൂക്ഷിച്ച് വെക്കാം, നോട്ട് കുറിക്കാം , ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാം , മറ്റുള്ളവർ വായിച്ച തയാറാക്കിയ റിവ്യൂകളും ഹൈലൈറ്റുകളും കാണാം. പണ്ടുള്ളവർ ദൂരെയുള്ള ലൈബ്രറികളിലേക്ക് നടന്നുപോയി വായിക്കാൻ പുസ്തകമെടുക്കുന്ന കഥകൾ ഇന്ന് നമുക്ക് പരിചിതമല്ല.

എഴുത്തുകാരൻ കൃതി തരുന്നു. നാം വായിക്കുന്നു. തന്ന കൃതി അതേപോലെ വായിക്കയല്ല നമ്മൾ. ആ കൃതിയെകുറിച്ച് നാം ഇന്നേവരെയുണ്ടാക്കിയ ധാരണകൾ ചേർത്തുവെച്ചാണ് നാം വായിക്കാൻ തുടങ്ങുന്നത്. വായിക്കുന്ന സമയം നാം ഉണ്ടാക്കിയ പുതിയ ആലോചനകൾ കൂടി വെച്ചുകൊണ്ടാണ് ആ കൃതി വായന അവസാനിപ്പിക്കുന്നത്. എഴുതിക്കിട്ടിയ പുസ്തകം നാം വായിക്കുന്നത് നമ്മുടേതായ രീതിയിലാണ്. നമ്മുടെ വായനാനുഭവങ്ങൾ നമ്മെ നയിക്കുന്നു.

ഒരു പുസ്തകവും ഒരിക്കലല്ല നമ്മൾ വായിക്കുന്നത്. വായിച്ച് മടക്കിവെച്ചാൽ പുസ്തകം തുറക്കാതെ നാം അതിനെ കുറിച്ച് ആലോചിക്കാറില്ലേ? കവിത ആലോചനാമൃതം ആണെന്ന് പറയും. എത്ര ആലോചിക്കുന്നുവോ അത്രയും വായന നടക്കുന്നു. ഉള്ളടക്കം [ കഥ ] നാം പലരീതിയിൽ മാറ്റിമറിച്ച് ആലോചിക്കുന്നു. ആമ പന്തയത്തിന്ന് സമ്മതിക്കാതിരുന്നെങ്കിലോ ? മുയൽ വഴിയിൽ ഉറങ്ങിയില്ലെങ്കിലോ? ഇങ്ങനെയൊക്കെ ആലോചിക്കാൻ സുഹൃത്തിന്റെ / അദ്ധ്യാപികയുടെ സഹയം ഉണ്ടായാലോ? ആദ്യമൊക്കെ എങ്ങനെ വായിക്കണം എന്ന് പഠിക്കാനുണ്ട്. പിന്നെ പിന്നെ നമ്മൾ നമ്മുടേതായ ഒരു വഴി നിശ്ചയിക്കും. നല്ല കൃതികളിൽ എത്തുന്നത് അങ്ങനെയാണ്.

ഡിജിറ്റൽ പുസ്തകങ്ങളും പ്രിന്റ് പുസ്തകങ്ങളും വിലക്കോ വാടകക്കോ കിട്ടുന്ന ഒരിടം നമ്മുടെ ഒരു സ്വപ്നമാണ്. ഒരുകൃതിയുടെ പല വായനകൾ പരിചയപ്പെടുത്തുന്ന ശ്രമം സ്വീറ്റിനുണ്ട്. വായനാനുഭവങ്ങൾ പങ്കുവെക്കാനും നല്ല പുസ്തകങ്ങളിലേക്ക് നയിക്കാനും.

1 thought on “വായനയുടെ പ്രേരണ”

Leave a Reply

Your email address will not be published. Required fields are marked *