Skip to content

ഓണ്‍ലൈന്‍ വിദ്യാഭ്യാസം-ചില മാതൃകകള്‍

കോവിഡുകാലത്തെ രോഗാതുരമായ സാമൂഹ്യസാഹചര്യങ്ങൾ ലോകമൊട്ടാകെ സ്കൂളുകളുടെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ പുതിയൊരു വിദ്യാലയവർഷം ആരംഭിക്കേണ്ട ജൂൺ മാസത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാന്‍ കഴിയുമോ എന്നു തീര്‍ച്ചയായിട്ടില്ല. അടുത്ത ചില മാസങ്ങളിൽ കുട്ടികൾക്ക് വീട്ടിൽത്തന്നെ കഴിഞ്ഞു കൂടേണ്ടി വന്നേയ്ക്കാം. ഈ വീട്ടിലിരിപ്പുകാലത്ത് അവരുടെ പ്രവർത്തന ശേഷിയും സർഗ്ഗാത്മകതയും വറ്റിപ്പോകാതിരിക്കാൻ പുതിയൊരു പഠനസാഹചര്യവും പഠനരീതിയും കണ്ടെത്തിയേ തീരൂ.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുമായി ഒത്തുചേർന്നുകൊണ്ടും കൊറോണക്കാലത്തെ വിദൂരവിദ്യാഭ്യാസവിനിമയ പ്രവർത്തനങ്ങളെ പിന്തുണച്ചുകൊണ്ടുമാണ് ഈ അന്വേഷണം. ഓൺലൈൻ പഠനസാധ്യതകൾ കൂടുതൽ വിപുലപ്പെടുത്തുകയും തിട്ടപ്പെടുത്തുകയും ചെയ്ത് അതിലൂടെ പൊതുവിദ്യാഭ്യാസമേഖലയെ സുശക്തമാക്കുന്നതിനായുള്ള തനത് പ്രവർത്തനങ്ങൾക്കാണ് തുടക്കമിടുന്നത്..

ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രൈമറി തലത്തില്‍

ഇന്റർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന പഠനത്തെയാണ് ഓൺലൈന്‍ വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പൂര്‍ണ്ണമായും ഇന്റര്‍നെറ്റിലൂടെയുള്ളതും ഭാഗികമായിട്ടുള്ളതുമായ വിവിധ രീതികള്‍ പ്രയോഗത്തിലുണ്ട്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ഉപരിപഠനത്തിന്റെയും skill development-ന്റെയും മേഖലയില്‍ ഓണ്‍ലൈന്‍ പഠനം ലോകത്തെമ്പാടും വളരെ സ്വീകാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ ഭാഗികമായിട്ടാണെങ്കില്‍പ്പോലും വിദൂരപഠനരീതികള്‍ അവലംബിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രൈമറിതലത്തില്‍ വിദൂരപഠനത്തിന്റെ രീതിശാസ്ത്രം എന്തായിരിക്കണം? ഇന്റര്‍നെറ്റിലൂടെ എന്തൊക്കെയാണ് വിനിമയം ചെയ്യേണ്ടത്? മുന്‍കൂട്ടി തയ്യാറാക്കിയ വിഡിയോ ക്ലാസുകളും ‘പവര്‍ പോയിന്റ് ‘(!) പ്രസന്റേഷനുകളും പി.ഡി.എഫ്.വര്‍ക്ക് ഷീറ്റുകളും മുതിര്‍ന്ന പഠിതാക്കള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നതുകൊണ്ട് 12 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും ആ രീതി മതിയാകുമെന്നാണോ? ഓണ്‍ലൈന്‍ രീതികളവലംബിക്കുമ്പോള്‍ മൂല്യനിര്‍ണ്ണയത്തിന് പഴയരീതികള്‍ മതിയാകുമോ?

അതേ സമയം സ്ക്കൂളല്ലാത്ത മറ്റുമാര്‍ഗ്ഗങ്ങളിലൂടെയുള്ള പഠനത്തിന്റെ അവസരങ്ങളും സൗകര്യങ്ങളും സന്നദ്ധതയും എല്ലാവര്‍ക്കുമില്ല എന്ന അലട്ടുന്ന അടിസ്ഥാനപ്രശ്നത്തെ അവഗണിക്കാനുമാവില്ല. വീട്ടില്‍ ഒരു സ്മാര്‍ട് ഫോണ്‍ ഉണ്ടാകുന്നതു കൊണ്ടുമാത്രം ഓണ്‍ലൈന്‍ പഠനത്തിനു കുട്ടി തയ്യാറായി എന്നു പരിഗണിക്കാനാവില്ല. സ്കൂളുകളേ ‘സ്മാര്‍ട്ട് ‘ആയിട്ടുള്ളൂ, വീടുകള്‍ ഇപ്പോഴും സാധാരണവീടുകള്‍തന്നെയാണ്.

പ്രൈമറി തലത്തില്‍ എന്തൊക്കെ പരിഗണിക്കണം?

ഓണ്‍ലൈന്‍ പഠനരീതികള്‍ അവലംബിക്കുന്നതിനെപ്പറ്റി പല ചിന്തകളും ഇടപെടലുകളും പല കോണുകളില്‍ നിന്നായി നടക്കുകയും ചിലതൊക്കെ നടപ്പാക്കുന്ന ശ്രമം ആരംഭിക്കുകയും ചെയ്യുന്ന ഈ അവസരത്തില്‍ നിശ്ചയമായും പരിഗണിച്ചിരിക്കേണ്ട ചില കാര്യങ്ങളെ ആവര്‍ത്തിച്ചു സൂചിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രൈമറിതലത്തില്‍ നടപ്പിലാക്കുന്ന ഏതു വിദൂരവിദ്യാഭ്യാസ സംവിധാനവും –

  • നിലവിലെ ശരാശരി ടീച്ചര്‍ക്കും ഇതിലൂടെ മാറാന്‍ സാധിക്കുന്നതരത്തില്‍ രൂപകല്പന ചെയ്തതാവണം.
  • രക്ഷിതാക്കളൂടെ താല്പര്യവും പങ്കാളിത്തവും വര്‍ദ്ധിപ്പിക്കുന്നതാകണം.
  • വീട്ടിലിരിക്കുന്ന കുട്ടിയുടെ പഠനത്തിനായി പ്രത്യേകം തയ്യാറാക്കുന്ന ഇന്ററാക്ടീവ് ആയ പ്രവര്‍ത്തനശൃംഖലക്കായിരിക്കണം പ്രാധാന്യം.
  • ഉത്പന്നങ്ങളേക്കാള്‍ പ്രക്രിയകളെ ലക്ഷ്യം വെക്കുകയും വിലയിരുത്തുകയും ചെയ്യുന്ന രീതിയുണ്ടാവുകയും അദ്ധ്യാപകര്‍ പരിശീലിക്കുകയും വേണം.
  • അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്ന രീതിയായിരിക്കണം.
  • കുട്ടിയുടെ മാനസിക-ശാരീരിക വളര്‍ച്ചയും സാമൂഹിക ബന്ധങ്ങളും പരിഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുണ്ടായിരിക്കണം.
  • കുട്ടികള്‍ വ്യത്യസ്തരാണ്. ഓരോ കുട്ടിയിലും ജിജ്ഞാസയും താല്പര്യവുമുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ വേണം.
  • അദ്ധ്യാപികയുടെ ഇടപെടലുകളോടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികളിലെത്തിക്കാൻ സാധിക്കണം. അതേസമയം ടീച്ചര്‍ എന്നതില്‍നിന്നും ഒരു മെന്റര്‍ (mentor) എന്ന രീതിയിലേക്കു മാറാന്‍ അദ്ധ്യാപകര്‍ക്കു സൗകര്യമൊരുക്കുകയും വേണം.
  • കുട്ടികള്‍ക്കു പ്രതികരിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം.
  • കുട്ടി എപ്പോഴും ചലന സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും ആഗ്രഹിക്കുന്നു. കുട്ടിക്ക് കാണിയായി അല്ലെങ്കില്‍ ശ്രോതാവായി മാത്രം ഇരിക്കേണ്ടി വരുന്ന സമയം പരമാവധി കുറയ്ക്കേണ്ടതുണ്ട്.
  • ഓരോ രക്ഷിതാവുമായും ആശയ വിനിമയ സാധ്യത ഉണ്ടാകണം.

സംഘമായി നടക്കാനും കളിക്കാനും പ്രവർത്തിക്കാനുമുള്ള സ്കൂളിലെ സ്വാതന്ത്ര്യം വീട്ടിലുണ്ടാവില്ല. വീട്ടിൽ സാധ്യമായ ഗ്രൂപ്പ് കുട്ടിയും അമ്മയും അച്ഛനും മറ്റംഗങ്ങളും ഉൾപ്പെടുന്നതാണ്. സാധ്യമായ അവസരങ്ങളിലെല്ലാം അവരെക്കൂടി കുട്ടിയുടെ പഠന പ്രവർത്തനങ്ങളിൽ കേൾവിക്കാരും നിരീക്ഷകരും പങ്കാളികളുമായി, ചിലപ്പോൾ വിലയിരുത്തുന്നവരുമായി സഹകരിപ്പിക്കണം. ഇത് കുട്ടിയുടെ ആത്മവിശ്വാസവും രക്ഷിതാവിന്റെ സംതൃപ്തിയും വർദ്ധിപ്പിക്കും. ഓൺ ലൈൻ പഠനത്തെ ഇങ്ങനെയും മാറ്റിയെടുക്കേണ്ടതുണ്ട്.

പുതിയ സോഫ്റ്റ് വെയര്‍ സാങ്കേതികവിദ്യകളുടെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുന്നതും അനുദിനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ വികേന്ദ്രീകൃത സംവിധാനങ്ങളുണ്ടാവുകയാണ് വേണ്ടത്.

ഒരു മാതൃക

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പ്രൈമറിതലത്തിലെ അധ്യാപനത്തെക്കുറിച്ചും പഠനത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കുകയും വ്യക്തമായ കാഴ്ചപ്പാടോടെ ചില രീതികള്‍ ആവിഷ്കരിക്കുകയും ചെയ്ത അനുഭവങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് മേല്‍സൂചിപ്പിച്ചവയുടെ അടിസ്ഥാനത്തില്‍ ചെറിയ ചില മാതൃകകള്‍ ഞങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇവ ‘ഋതു’ വിന്റെ വെബ്സൈറ്റില്‍ Resources പേജില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഒന്നുമുതല്‍ ഏഴുവരെ ക്ലാസ്സുകളിലേക്കുള്ള ലേണിംഗ് മാനേജ്മെന്റ് സിസ്റ്റമായ LEMS പ്രക്രിയാധിഷ്ഠിത ക്ലാസ് റൂം പഠനത്തിന് വളരെ പ്രയോജനകരമായി മാറിയതാണ്. ഓണ്‍ലൈന്‍ പഠനത്തിനു യോജിച്ചരീതിയില്‍ LEMS പ്രവര്‍ത്തനങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങൾ തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *